ഗ്രാമപഞ്ചായത്ത് ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ സംസ്ഥാനത്ത് ആലപ്പുഴ ഒന്നാമത്
ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളുടെ പൗരാവകാശ രേഖയും ഈ സാമ്പത്തിക വര്‍ഷത്തെ ഗുണഭോക്തൃ പട്ടികയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ചേര്‍ത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി ആലപ്പുഴ. ഗ്രാമപഞ്ചായത്തുകളില്‍ ഭരണ സുതാര്യത ഉറപ്പുവരുത്തുന്നതിനും സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമുള്ള ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാമതെത്തിയതിന്റെ ജില്ലാതല പ്രഖ്യാപനം പുന്നപ്രവടക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കലക്ടര്‍ വീണ എന്‍. മാധവന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും യോഗ നടപടിക്രമങ്ങള്‍ സകര്‍മ്മ സോഫ്റ്റ്‌വെയര്‍ മുഖേന രേഖപ്പെടുത്തുന്ന ജില്ലയായി മാറാനും ആലപ്പുഴയ്ക്ക് കഴിഞ്ഞു. വസ്തുനികുതി ഇ-പെയ്‌മെന്റിന്റെ ഭാഗമായ സഞ്ചയ-സാംഖ്യ സംയോജനം പൂര്‍ത്തിയായ ജില്ലയായും ആലപ്പുഴയെ പ്രഖ്യാപിച്ചു.
ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഭരണ സമിതികളുടെ നേതൃത്വപരമായ ഇടപെടലുകള്‍, ഉദ്യേഗസ്ഥരുടെ പരിശ്രമം, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, പഞ്ചായത്ത് ഉപഡയറക്ടറുടെ ഓഫിസിന്റെ നിരന്തരമായ ഇടപെടീല്‍ തുടങ്ങിയവ മൂലമാണ് ജില്ലിയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. 2016-17 വര്‍ഷത്തെ ഗുണഭോക്തൃ പട്ടികകള്‍ പൂര്‍ണമായും വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. ഗ്രാമപഞ്ചായത്തുകള്‍ അധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പൗരാവകാശ രേഖ പുതുക്കി വെബ്‌സൈറ്റില്‍ നല്‍കി.
പദ്ധതിച്ചെലവു പുരോഗതിയില്‍ മുമ്പിലെത്തിയ ഗ്രാമപഞ്ചായത്തുകളെ ചടങ്ങില്‍ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി. വേണുലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍, കെ. ഗോപകുമാര്‍, കെ. കുഞ്ഞച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."