നിശ്ചിത സമയത്തിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ തൊഴിലാളിക്ക് സ്വയം ജോലി മാറാം
ദോഹ: നിശ്ചിത തിയ്യതിക്ക് ഏഴ് ദിവസത്തിനകം ശമ്പളം നല്‍കിയില്ലെങ്കില്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ഇല്ലാതെ തന്നെ തൊഴിലാളിക്ക് ജോലി മാറാമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അധികം വൈകാതെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും സമയത്ത് ശമ്പളം കിട്ടണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പരമാവധി ഏഴ് ദിവസം വരെ വൈകാം. അതില്‍ പരാജയപ്പെട്ടാല്‍ കരാര്‍ കാലാവധി കഴിഞ്ഞില്ലെങ്കിലും തൊഴിലാളിക്ക് ജോലി മാറാവുന്നതാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വേതന സുരക്ഷാ സംവിധാനം (ഡബ്ല്യു.പി.എസ്) ഒരു വര്‍ഷം മുമ്പ് തന്നെ നടപ്പാക്കിയെങ്കിലും ചില കമ്പനികള്‍ ഇനിയും അത് സ്വീകരിച്ചിട്ടില്ല. അത്തരം കമ്പനികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഡബ്ല്യു.പി.എസ് നടപ്പിലാക്കാത്ത കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തൊഴില്‍ തര്‍ക്കങ്ങള്‍ മൂന്നാഴ്ചയ്ക്കകം പരിഹരിക്കുന്നതിന് പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നേരത്തേ തൊഴില്‍ തര്‍ക്കങ്ങള്‍ കോടതിയിലാണ് പരിഹരിച്ചിരുന്നത്. എന്നാല്‍, ഇനിമുതല്‍ തൊഴില്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍, കോടതി ജഡ്ജി എന്നിവരുള്‍പ്പെട്ട കമ്മിറ്റി മൂന്നാഴ്ചയ്ക്കകം തര്‍ക്കങ്ങള്‍ പരിഹരിക്കും. തൊഴിലുടമയ്‌ക്കെതിരായ പരാതിയുമായി ഏത് തൊഴിലാളിക്കും കമ്മിറ്റിയെ സമീപിക്കാവുന്നതാണ്.
തൊഴിലുടമയ്‌ക്കെതിരായ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ തൊഴിലാളിക്ക് കരാര്‍ കാലാവധിക്കു മുമ്പ് തന്നെ ജോലി മാറാന്‍ അവസരം നല്‍കും. അതോടൊപ്പം കമ്പനിക്ക് സര്‍ക്കാര്‍ ക്ലാസിഫിക്കേഷന്‍ ലിസ്റ്റിലുള്ള സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍, തൊഴിലാളിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കമ്പനിക്ക് അയാളെ പിരിച്ചുവിടാനുള്ള അനുമതി നല്‍കും. അത്തരത്തില്‍ പിരിച്ചുവിടപ്പെടുന്ന വ്യക്തികള്‍ക്ക് നാലു വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ല. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ഈ നിരോധനം നീട്ടാമെന്നും മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വിദേശത്ത് നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനു വേണ്ടി മന്ത്രാലയം ഒരു സ്വിസ് കമ്പനിയെ നിയോഗിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഖത്തറിലേക്ക് തൊഴിലാളികളെ അയക്കുന്നതിന് കരാര്‍ ഒപ്പിട്ടിട്ടുള്ള 39 രാജ്യങ്ങളില്‍ സ്വിസ് കമ്പനി ബ്രാഞ്ചുകള്‍ തുടങ്ങും. മെഡിക്കല്‍ ചെക്ക്അപ്പ്, ഡോക്യുമെന്റ്, സര്‍ട്ടിഫിക്കറ്റ് പരിശോധന, തൊഴില്‍ കരാര്‍ ഒപ്പിടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ കമ്പനിയായിരിക്കും നിര്‍വഹിക്കുക. തൊഴിലാളികളുടെ സ്വന്തം രാജ്യത്ത് തന്നെയായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഈ കമ്പനിയുടെ സേവനം തേടണം. സ്വിസ് കമ്പനിയുടെ ഫീസ് തൊഴിലുടമയാണ് അടക്കേണ്ടതെന്നും തൊഴിലാളികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ പാടില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ഫീസ് എത്രയാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."