ആത്മവിശ്വാസവുമായി പളനിസാമി; ശുഭ പ്രതീക്ഷയില്‍ പനീര്‍ ശെല്‍വം
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി എടപ്പാടി പളനി സാമിയും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും ശുഭാപ്തി വിശ്വാസത്തില്‍. ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്്‌ലിംലീഗ് അംഗങ്ങള്‍ എടപ്പാടിക്കെതിരേ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചത് പനീര്‍ ശെല്‍വം വിഭാഗത്തിന് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും ഉണ്ടാക്കിയിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികള്‍ പനീര്‍ ശെല്‍വത്തെ സഹായിച്ചാല്‍പോലും എം.എല്‍.എമാരുടെ എണ്ണം 109 മാത്രമാണ് അദ്ദേഹത്തിനുണ്ടാവുകയെന്നതാണ് പളനി സാമിയുടെ കണക്കു കൂട്ടല്‍. 124 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്ന അവകാശവാദത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണ്.
തമിഴ്‌നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍, സ്പീക്കര്‍ ധനപാല്‍, നിയമസഭാ സെക്രട്ടറി ജലാലുദ്ദീന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ പനീര്‍ ശെല്‍വം സമാധാനപരവും നീതിപൂര്‍വവുമായ വോട്ടെടുപ്പിനു അന്തരീക്ഷമൊരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് സെക്രട്ടറിയേറ്റിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയമസഭയിലേക്കുള്ള റോഡില്‍ എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും വാഹനങ്ങളല്ലാതെ മറ്റൊരു വാഹനവും കടത്തിവിടില്ല. സന്ദര്‍ശക ഗ്യാലറിയിലും സന്ദര്‍ശകരെ അനുവദിക്കില്ല.
ജനരോഷവും പ്രതിഷേധവും ഭയന്ന് എം.എല്‍.എമാരെ കനത്ത സുരക്ഷാ വലയത്തിലായിരിക്കും നിയമസഭയിലെത്തിക്കുകയെന്ന് പൊലിസ് അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുടെ മണ്ഡലത്തിലും സേലത്തിന്റെ മറ്റു ചില ഭാഗങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ ഉണ്ടായി. 1988 ല്‍ അണ്ണാ ഡി.എം.കെ ജയലളിത വിഭാഗവും ജാനകി വിഭാഗവുമായി പിളര്‍ന്നപ്പോള്‍ ജാനകി പക്ഷത്ത് 99 എം.എല്‍.എമാരും, ജയലളിത പക്ഷത്ത് 33 എം.എല്‍.എമാരും നിലയുറപ്പിച്ചിരുന്നു. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ എം.എല്‍.എ മാര്‍ തമ്മില്‍ സംഘട്ടനം ഉണ്ടാവുകയും പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കുമെന്ന് രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."