ലെവി: സ്വകാര്യ കമ്പനികളും തൊഴിലുടമകളും അങ്കലാപ്പില്‍
ജിദ്ദ: ലെവി ഇനത്തില്‍ അടക്കേണ്ട ഭീമമായ തുകയുടെ ഇന്‍വോയ്‌സ് ലഭിച്ച സ്വകാര്യ സ്ഥാപനങ്ങളും കമ്പനികളും തൊഴിലുടമകളും അങ്കലാപ്പില്‍. രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിന്റെയും ഇന്ധന, വൈദ്യുതി നിരക്ക് വര്‍ധനവുകളും പുതിയ നികുതികളും മൂലമുള്ള അധിക സാമ്പത്തിക ഭാരത്തിന്റെയും പശ്ചാത്തലത്തില്‍ ഇത്രയും ഭീമമായ തുക ലെവിയിനത്തില്‍ എങ്ങിനെ അടക്കുമെന്ന് അറിയാതെ ആശങ്കയിലാണ് തൊഴിലുടമകളും കമ്പനികളും സ്ഥാപനങ്ങളും.
ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവില്‍വന്നത്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളില്‍ സഊദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കു മാത്രമായിരുന്നു ലെവി ബാധകം. ഇവര്‍ക്ക് പ്രതിമാസം 200 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 2,400 റിയാലാണ് ലെവി ഇനത്തില്‍ അടയ്‌ക്കേണ്ടിയിരുന്നത്.
ജനുവരി ഒന്നു മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശികള്‍ക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സഊദി ജീവനക്കാരെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 400 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് പ്രതിമാസം 300 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 3,600 റിയാലുമാണ് ഈ കൊല്ലം ലെവി അടയ്‌ക്കേണ്ടത്. അടുത്ത വര്‍ഷം സഊദികളെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരെക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020ല്‍ സഊദികളെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.
2018 ജനുവരി ഒന്നിനു മുന്‍പായി പുതിയ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടുകയോ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കുകയോ ചെയ്തവരുടെ വര്‍ക്ക് പെര്‍മിറ്റില്‍ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇന്‍വോയ്‌സ് ഇഷ്യു ചെയ്യുന്നത്. സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരുടെയും ഇഖാമയില്‍ ഈ വര്‍ഷം എത്ര കാലമാണോ ബാക്കിയുള്ളതെങ്കില്‍ അത്രയും കാലത്തേക്കുള്ള ലെവി കണക്കാക്കി ഇന്‍വോയ്‌സ് ഇഷ്യു ചെയ്ത് ലെവി ഈടാക്കുകയാണ് ചെയ്യുന്നത്.
ജനുവരി ഒന്നിനു മുന്‍പ് ഇഷ്യു ചെയ്ത വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധിയില്‍ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള ലെവിക്കുള്ള ഇന്‍വോയ്‌സ് ആണ് നല്‍കുന്നതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ജനുവരി ഒന്നിനു മുന്‍പായി ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്ത വിദേശ തൊഴിലാളികളുടെ ലെവി ഇന്‍വോയ്‌സില്‍ കണക്കാക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."