ബി.സി.സി.ഐക്കെതിരേ നിയമ നടപടിക്കൊരുങ്ങുന്നതായി ശ്രീശാന്ത്
കൊച്ചി: ബി.സി.സി.ഐക്കെതിരേ നിയമ നടപടിക്കൊരുങ്ങുന്നതായി ക്രിക്കറ്റ് താരം ശ്രീശാന്ത്. തന്നെ വിലക്കിയതുമായി ബന്ധപ്പെട്ടു 2013ലെ കത്തിന്റെ കോപ്പി തനിക്ക് കെ.സി.ഐ അയച്ചതായും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്നു വിലക്കുന്നതായി പ്രഖ്യാപിച്ചുള്ള അറിയിപ്പ് ബി.സി.സി.ഐ കേരള ക്രിക്കറ്റ് അസോസിയേഷന് അയച്ചതിന് പിന്നാലെയാണ് ശ്രീശാന്ത് നിലപാട് വ്യക്തമാക്കിയത്. തന്റെ വിലക്കിനെതിരേ ബി.സി.സി.ഐയുടെ താത്കാലിക ഭരണ സമിതി അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീലില്‍ അനുകൂല തീരുമാനം ഉടനുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും. ബി.സി.സി.ഐ എല്ലാവരോടും ഒരേ നീതി കാട്ടണമെന്നും തനിക്കു നീതി നിഷേധിക്കപ്പെട്ടുവെന്നും ശ്രീശാന്ത് പറഞ്ഞു.
ബുധനാഴ്ച വൈകിട്ടോടെയാണ് ബി.സി.സി.ഐ.യില്‍ നിന്നു ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള അറിയിപ്പ് കെ.സി.എ.ക്ക് ലഭിച്ചത്. ബോര്‍ഡില്‍ നിന്നു ലഭിച്ച ഔദ്യോഗിക അറിയിപ്പ് കെ.സി.എ ശ്രീശാന്തിനു അയക്കുകയായിരുന്നുവെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. ക്രിക്കറ്റില്‍ നിന്നു വിലക്കിയതായി കാണിച്ച് ശ്രീശാന്തിന് 2013 ഒക്ടോബറില്‍ ബി.സി.സി.ഐ ഔദ്യോഗികമായി കത്തയച്ചിരുന്നു. അന്നത്തെ കത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ കെ.സി.എ.ക്ക് വീണ്ടും ബി.സി.സി.ഐ അയച്ചതെന്നും ജയേഷ് ജോര്‍ജ്ജ് വ്യക്തമാക്കി.
വിലക്ക് സംബന്ധിച്ച് ബി.സി.സി.ഐ.യില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഞായറാഴ്ച എറാണാകുളം ജില്ലാ ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ശ്രീശാന്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ജില്ലാ ക്രിക്കറ്റ് ലീഗ് മാറ്റിവെക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ശ്രീശാന്ത് കളിക്കാനുദ്ദേശിച്ച ജില്ലാ ക്രിക്കറ്റ് ലീഗ് മാറ്റിവയ്ക്കുന്ന കാര്യത്തില്‍ കെ.സി.എ അല്ല തീരുമാനമെടുക്കേണ്ടതെന്നും അത് എറണാകുളം ക്രിക്കറ്റ് ക്ലബാണ് നിശ്ചയിക്കേണ്ടതെന്നും ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. വിലക്ക് നിലനില്‍ക്കെ ശ്രീശാന്തിനെ കളിപ്പിച്ചാല്‍ എറണാകുളം ക്രിക്കറ്റ് ക്ലബിനെതിരെ നടപടിയുണ്ടാകുമെന്നും ജയേഷ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."