ചെന്നിത്തല ഡല്‍ഹിയില്‍; ഇന്ന് ഹൈക്കമാന്‍ഡിനെ കാണും
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി. നാളെ വൈകിട്ടുവരെ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തുന്ന രമേശ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുലിനേയും സന്ദര്‍ശിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രൂക്ഷമായ തര്‍ക്കം പരിഹരിച്ച ശേഷം ആദ്യമായാണ് ചെന്നിത്തല ഡല്‍ഹിയിലെത്തുന്നത്. തെരഞ്ഞെടുപ്പ് ചുമതല മൂന്നുനേതാക്കള്‍ക്കുമായി പങ്കിട്ടുനല്‍കിയ ഹൈക്കമാന്‍ഡിന് കേരളത്തിലെ തോല്‍വിയില്‍ മൂവരും ഒരേപോലെ ഉത്തരവാദികളാണെന്ന നിലപാടാണുള്ളത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമ്പോഴും ഇതേതര്‍ക്കം ഹൈക്കമാന്‍ഡിനു മുന്നിലേക്കെത്തിക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി അവസാന നിമിഷം പയറ്റിയിരുന്നു. താന്‍ മാറിനില്‍ക്കുകയാണെന്ന് ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി അവസാന നിമിഷം ആരാകണം പ്രതിപക്ഷ നേതാവെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന നിലപാടിലായിരുന്നു. എന്നാല്‍ പ്രശ്‌നം സംസ്ഥാനത്തു തന്നെ പരിഹരിക്കണമെന്നുള്ള നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയത്.
യു.ഡി.എഫ് ഭരണക്കാലത്ത് തന്നെ നേതൃമാറ്റത്തിനായി പലവട്ടം ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കണ്ട ചെന്നിത്തല ഇത്തവണ എത്തുന്നത് ആഗ്രഹപൂര്‍ത്തീകരണവുമായാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട്ബാങ്ക് യു.ഡി.എഫിനെ കൈയൊഴിഞ്ഞതോടെ ഈ വിഭാഗത്തിന്റെ വിശ്വാസം വീണ്ടെടുക്കുക എന്നതുതന്നെയായിരിക്കും രമേശിന്റെ മുന്നിലുള്ള പ്രധാന കടമ്പ. ഇതില്‍ വിജയിച്ചാല്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയിലേക്ക് രമേശിന് സ്ഥാനം ഭദ്രമാക്കാന്‍ സാധിക്കൂ. ഇതിനുള്ള തന്ത്രങ്ങള്‍ തന്നെയാകും കൂടിക്കാഴ്ചയില്‍ ഹൈക്കമാന്‍ഡ് ഉപദേശിക്കുകയും ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."