വിദേശകാര്യ സെക്രട്ടറി ആഫ്രിക്കന്‍ വിദ്യാര്‍ഥികളെ കണ്ടു
ന്യൂഡല്‍ഹി: തലസ്ഥാനനഗരിയില്‍ ആഫ്രിക്കന്‍ പൗരന്‍മാര്‍ക്കെതിരേ വംശീയാക്രമണം വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ആഫ്രിക്കന്‍ വംശജര്‍ക്ക് എല്ലാവിധത്തിലുള്ള സുരക്ഷയും ഉറപ്പാക്കുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ക്കെതിരേ ഡല്‍ഹിയിലെ ആഫ്രിക്കന്‍ പൗരന്‍മാര്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദേശകാര്യസെക്രട്ടറി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളല്‍ വീഴ്ത്തുന്ന തരത്തിലാണ് രാജ്യത്ത് ആഫ്രിക്കന്‍ പൗരന്‍മാര്‍ക്കെതിരേ ആക്രമണമുണ്ടായത്. ഈ മാസം 20ന് കോംഗോ പൗരനായ എം.കെ ഒലിവിയര്‍ എന്ന 29 കാരന്‍ ഡല്‍ഹിയില്‍ കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ ശക്തമായ നിലപാടുകളുമായി രംഗത്തെത്തി. ഡല്‍ഹിയില്‍ നടന്ന ആഫ്രിക്കന്‍ദിനാഘോഷ പരിപാടി ആഫ്രിക്കന്‍ നേതാക്കള്‍ ബഹിഷ്്കരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തുടര്‍ച്ചയായി ആഫ്രിക്കന്‍ പൗരന്‍മാര്‍ ആക്രമിക്കപ്പെട്ടു.
ഒലിവിയറിന്റെ മൃതദേഹം കൊണ്ടുപോകാനായി ഡല്‍ഹിയിലെത്തിയ ബന്ധുക്കളെ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒലിവിയറിന് ഇന്ത്യയില്‍ പഠിക്കാന്‍ വരാനുള്ള ചെലവുകള്‍ക്കായി സ്വത്തുക്കള്‍ മൊത്തം വില്‍ക്കേണ്ടി വന്ന കുടുംബം മൃതദേഹം നാട്ടിലെത്തിക്കാന്‍ കടംവാങ്ങേണ്ട സാഹചര്യത്തിലായിരുന്നു.
ഇന്നലെ ജന്തര്‍മന്ദറില്‍ നടത്തിയ പ്രതിഷേധത്തില്‍ നിരവധി ആഫ്രിക്കന്‍ പൗരന്‍മാര്‍ പങ്കെടുത്തു. തലസ്ഥാനത്ത് അക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."