'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക' ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ഒരു വര്‍ഷത്തിലേറെയായി ഇസ്‌റാഈല്‍ ഗസ്സയില്‍ തുടരുന്ന വംശഹത്യക്ക് ധന സഹായം നല്‍കുന്നതെന്നാവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറത്ത് ഫലസ്തീന്‍ അനുകൂലികളുടെ കുത്തിയിരിപ്പ് സമരം. 200ലധികം പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ജ്യൂയിഷ് വോയിസ് ഫോര്‍ പീസ് ഉള്‍പെടെയുള്ള സംഘടനയില്‍ നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ലോവര്‍ മാന്‍ഹട്ടനിലെ വാള്‍സ്ട്രീറ്റിന് സമീപമുള്ള എക്‌സ്‌ചേഞ്ചിന്റെ ഐക്കണിക് കെട്ടിടത്തിന് മുന്നിലാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. 'ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക ,വംശഹത്യയ്ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം. 500 ഓളം പ്രകടനക്കാര്‍ പങ്കെടുത്തതായി പ്രതിഷേധവുമായി ബന്ധപ്പെട്ട ജൂത ഗ്രൂപ്പുകള്‍ പറഞ്ഞു. അമേരിക്കന്‍ പ്രതിരോധ കരാറുകാരോടും ആയുധ നിര്‍മാതാക്കളോടും പ്രതിഷേധക്കാര്‍ രോഷം പ്രകടിപ്പിച്ചു.
പ്രതിഷേധക്കാര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുള്ളില്‍ കയറിയിരുന്നില്ലെന്നും പ്രധാന കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന പൊലിസ് സുരക്ഷാ വേലി മറികടക്കുക മാത്രമേ ചെയ്തിരുന്നുള്ളുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇതിനോട് പ്രതികരിച്ചിട്ടില്ല. ലബനാനിലെ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. 'നൂറുകണക്കിന് ജൂതന്മാരും സുഹൃത്തുക്കളും ചേര്‍ന്ന് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ അണിനിരന്നിരിക്കുകയാണ്. അമേരിക്ക ഇസ്‌റാഈലിനെ ആയുധമാക്കുന്നതും വംശഹത്യയില്‍ നിന്ന് ലാഭം കൊയ്യുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു'' ജ്യൂയിഷ് വോയിസ് ഫോര്‍ പീസ് എക്‌സില്‍ കുറിച്ചു.
എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വംശഹത്യ ആരോപണങ്ങള്‍ നിഷേധിക്കുന്ന ഇസ്‌റാഈല്‍, ഗസ്സയിലെ തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഹമാസിനെ ലക്ഷ്യമിടുന്നതായി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."