ചെമ്മീന്റെ പുനരാവിഷ്‌ക്കാര ആഘോഷങ്ങള്‍ തടയും: വി ദിനകരന്‍
ആലപ്പുഴ : തീരദേശ ജനങ്ങളെയും മത്സ്യത്തൊഴിലാളികളെയും അടച്ചാക്ഷേപിക്കുന്ന തരത്തില്‍ സംസാര ഭാഷയും ജീവിത രീതിയും പുനരാവിഷ്‌ക്കരിക്കപ്പെടുന്ന സിനിമകള്‍ ആഘോഷമാക്കാനുളള അധികാരികളുടെ നീക്കം ചെറുക്കുമെന്ന് ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ദിനകരന്‍ എക്‌സ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി ജാതിയും മതവും ആയുധമാക്കുമെന്നും ദിനകരന്‍ പറഞ്ഞു.മല്‍സ്യതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ മാറ് പുറത്ത് കാണിച്ചും നാഭിച്ചുഴി പ്രദര്‍ശിപ്പിച്ചും വസ്ത്രധാരണം നടത്തുന്ന കാലം കഴിഞ്ഞു.
ഇപ്പോള്‍ തികഞ്ഞ വിദ്യാഭ്യാസ യോഗ്യതയും ജീവിത സാഹചര്യങ്ങളും ഇവര്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഈ ഒരു സമൂഹത്തെ വീണ്ടും അരനൂറ്റാണ്ട് പിന്നിലേക്ക് നയിക്കരുതെന്ന് ദിനകരന്‍ ആവശ്യപ്പെട്ടു.
ചെമ്മീന്റെ രണ്ടാം പതിപ്പായി ഇറങ്ങാനിരുന്ന ഉത്തര ചെമ്മീന്‍ പിന്‍വലിച്ചത് മത്സ്യത്തൊഴിലാളികളുടെ പ്രതിരോധത്തെ തുടര്‍ന്നാണ്. ഈ അനുഭവം ചെമ്മീന്റെ കാര്യത്തിലും സംഭവിക്കും. മുഖ്യമന്ത്രിയെന്നല്ല ആരുവിചാരിച്ചാലും ആഘോഷങ്ങള്‍ തടയും. ഇതിനായി മല്‍സ്യതൊഴിലാളി കുടുംബങ്ങളെ ഒന്നടങ്കം തെരുവില്‍ ഇറക്കും.
ഇപ്പോള്‍ ഫിഷറീസ് മന്ത്രി നടപ്പിലാക്കുന്ന തുഗ്‌ളക്ക് മോഡല്‍ പരിക്ഷ്‌ക്കാരങ്ങള്‍ മല്‍സ്യ മേഖലയെയും തൊഴിലാളികളെയും തകര്‍ക്കുകയാണ്. ഗ്രീന്‍ കോറിഡോര്‍ എന്ന സുന്ദരമായ പദപ്രയോഗത്തില്‍ നടപ്പിലാക്കുന്ന പദ്ധതി മത്സ്യത്തൊഴിലാളികളെ തീരമേഖലയില്‍നിന്നും അകറ്റുന്നതാണ്. ഫ്‌ളാറ്റുകളിലേക്ക് കുടിയേറുന്ന ഇവര്‍ക്ക് കടല്‍ അന്യമാകും.
മത്സ്യത്തൊഴിലാളി മേഖലയ്ക്ക് ഏറെ ഗുണകരമായ സേവനം ചെയ്യുന്ന മത്സ്യഫെഡിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിരിച്ചുവിടാനും നീക്കം നടക്കുന്നുണ്ട്.
ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ദിനകരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.ജി സുഗണനന്‍, എന്‍.ആര്‍ ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."