വെടിക്കെട്ടപകടം: കേന്ദ്ര കമ്മിഷന് അപകടസ്ഥലം സന്ദര്‍ശിച്ചു
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച കമ്മിഷന്റെ സിറ്റിങ് ആരംഭിച്ചു. ഇന്നലെ രാവിലെ അപകടം നടന്ന സ്ഥലം കമ്മിഷന് സന്ദര്‍ശിച്ചു.
തുടര്‍ന്ന് പരവൂര്‍ മുനിസിപ്പല്‍ ഓഫിസിലെ സിറ്റിങ്ങില്‍ പൊതുജനങ്ങളില്‍ നിന്നു തെളിവുകള്‍ ശേഖരിച്ചു. ചെന്നൈയിലെ എ്ക്സ്പ്ളോസിവ്സ് ജോയന്റ് ചീഫ് കണ്ട്രോളര് ഡോ. എ.കെ യാദവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഹൈദരാബാദ് എക്സ്പ്ളോസിവ്സ് ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ആര്. വേണുഗോപാല്‍, റിട്ട. എക്സ്പ്ളോസിവ്സ് ജോയന്റ് ചീഫ് കണ്ട്രോളര് ജി.എം റെഡ്ഡി, കൊല്ലം ടി.കെ.എം എന്‍ജിനിയറിങ് കോളജ് കെമിക്കല്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി ഡോ. കെ.ബി രാധാകൃഷ്ണന് എന്നിവരാണ് സംഘത്തിലുള്ളത്. ഇന്നും നാളെയും അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, പരുക്കേറ്റവര്‍, അവരുടെ പ്രതിനിധികള്‍, അപകടത്തിന്റെ ദൃക്സാക്ഷികള്‍ തുടങ്ങിയവരില്‍ നിന്ന് കമ്മിഷന് തെളിവെടുക്കും. ജൂണ്‍ രണ്ടിനും വെടിക്കെട്ട് നിര്‍മാതാക്കള്‍, പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ എന്നിവരില്‍നിന്നും മൂന്നിനും നാലിനും അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരില്നിന്നും വിവരങ്ങള്‍ ശേഖരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."