തവണക്കടവ്- വൈക്കം ജങ്കാര്‍ സര്‍വീസ് ജൂണില്‍ തുടങ്ങും
പൂച്ചാക്കല്‍: മൂന്ന് വര്‍ഷമായി മുങ്ങിക്കിടക്കുന്ന തവണക്കടവ്-വൈക്കം ഫെറിയില്‍ ജങ്കാര്‍ സര്‍വീസ് ജൂണ്‍ 16ന് തുടങ്ങും. സര്‍വീസ് നടത്താന്‍ നാല് ലക്ഷം രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്.
കൊച്ചി ആസ്ഥാനമായ കൊച്ചിന്‍ സര്‍വീസ് കമ്പനിക്കാണ് ജങ്കാര്‍ സര്‍വീസ് ഒരു വര്‍ഷത്തേയ്ക്കു കരാര്‍ നല്‍കിയിരിക്കുന്നത്. ആദ്യം ഒരു ജങ്കാറും വാഹനത്തിരക്ക് അനുസരിച്ച് പിന്നീട് ഒരു ജങ്കാര്‍ കൂടിയും സര്‍വീസ് നടത്താനാണ് ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്, വൈക്കം നഗരസഭ, കരാറുകാര്‍ എന്നിവരുടെ യോഗത്തില്‍ ധാരണയായിരിക്കുന്നത്.
മൂന്നു വര്‍ഷം മുന്‍പാണ് ഇവിടെ ജങ്കാര്‍ സര്‍വീസ് നിലച്ചത്. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തും വൈക്കം നഗരസഭയും ചേര്‍ന്ന് സര്‍വീസ് പുനരാരംഭിക്കാന്‍ ഒട്ടേറെ തവണ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജങ്കാര്‍ സര്‍വീസിന് ടെണ്ടര്‍ ക്ഷണിച്ചെങ്കിലും പങ്കെടുത്ത ഏജന്‍സികള്‍ രേഖപ്പെടുത്തിയ തുക തൃപ്തികരമല്ലാഞ്ഞതിനാല്‍ അത് റദ്ദാക്കി റീടെണ്ടര്‍ വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. പിന്നീട് ക്വട്ടേഷനിലൂടെയാണ് കൊച്ചിന്‍ സര്‍വീസിന് കരാര്‍ നല്‍കിയത്. നടപടികള്‍ക്ക് വൈക്കം നഗരസഭ ചെയര്‍മാന്‍ അനില്‍ വിശ്വാസ്, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാക്കേക്കടവ്- നേരേകടവ് ഫെറിയിലെ യാത്രാ നിരക്കായിരിക്കും തവണക്കടവ്-വൈക്കം ഫെറിയിലും ഏര്‍പ്പെടുത്തുക. ഇരട്ട എന്‍ജിനുള്ള വലിയ ജങ്കാറാണ് സര്‍വ്വീസിന് ഉപയോഗിക്കുക. അതേസമയം മൂന്നു വര്‍ഷം മുന്‍പ് ഇവിടെ ജങ്കാര്‍ സര്‍വീസ് നടന്നപ്പോള്‍ ഇപ്പോള്‍ കരാര്‍ ഉറപ്പിച്ച കമ്പനി തന്നെയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്.
എന്നാല്‍ സാമ്പത്തിക നഷ്ടം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ അന്ന് സര്‍വീസ് നിര്‍ത്തുകയായിരുന്നു. നിലവില്‍ സമീപത്തെ മാക്കേക്കടവ്-നേരേകടവ് ഫെറിയില്‍ ജങ്കാര്‍ സര്‍വീസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."