ഉടമസ്ഥര്‍ നഷ്ടപരിഹാരം സ്വീകരിച്ചില്ലെങ്കിലും ഭൂമിയേറ്റെടുക്കല്‍ റദ്ദാകില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: നഷ്ടപരിഹാരം സ്വീകരിക്കാന്‍ സ്ഥല ഉടമകള്‍ തയാറായില്ലെങ്കില്‍ ഭൂമിയേറ്റെടുക്കല്‍ അസാധുവാകില്ലെന്ന് സുപ്രിം കോടതി. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ നഷ്ടപരിഹാരം കുറഞ്ഞുപോയതിനാലോമറ്റോ പണം സ്വീകരിക്കുന്നതിന് ഉടമകള്‍ കാലതാമസം വരുത്തിയ കാരണത്താല്‍ ഭൂമിയേറ്റെടുക്കുന്ന നടപടി റദ്ദാകില്ല. അഞ്ചു വര്‍ഷത്തിലധികം നഷ്ടപരിഹാരം സ്വീകരിക്കാതിരിക്കുന്നതിന്റെ പേരില്‍ ഭൂമിയേറ്റെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എ.കെ ഗോയല്‍, എം.എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ഉടമ നഷ്ടപരിഹാരം കൈപ്പറ്റാത്തതുമുലം ഏറ്റെടുത്ത ഭൂമി തിരികെ നല്‍കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഇന്‍ഡോര്‍ വികസന അതോറിറ്റി (ഐ.ഡി.എ) നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതിയുടെ സുപ്രധാന ഉത്തരവ്. ഇന്‍ഡോര്‍ നഗരത്തിന് സമീപം ലിങ്ക് റോഡ് നിര്‍മിക്കാന്‍ സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന്നാധാരം.
നഷ്ടപരിഹാരത്തുക ഐ.ഡി.എ അധികൃതര്‍ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് മുന്‍പാകെ വച്ചെങ്കിലും അവര്‍ അതു സ്വീകരിക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ അസാധുവായതായി നിയമത്തിലെ 24ാം വകുപ്പ് ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെയാണ് ഐ.ഡി.എ സുപ്രിം കോടതിയെ സമീപിച്ചത്.
അഞ്ചുവര്‍ഷത്തിനകം നഷ്ടപരിഹാരം ഏറ്റെടുക്കാതിരുന്നാല്‍ ഭൂവുടമകള്‍ക്ക് ഭൂമി തിരികെ നല്‍കണമെന്നും ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ദീര്‍ഘകാലം നീണ്ടുനിന്നാല്‍ ഭൂമിയില്‍ ഉടമസ്ഥര്‍ക്കു തന്നെ അവകാശം ലഭിക്കുന്ന തരത്തിലായിരുന്നു നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ.
ഈ വ്യവസ്ഥ ഭേദഗതിചെയ്താണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."