പ്രശ്‌നങ്ങള്‍ക്ക് അയവില്ലാതെ തമിഴ് രാഷ്ട്രീയം; ഡി.എം.കെ പ്രക്ഷോഭത്തിലേക്ക്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിശ്വാസവോട്ട് നേടിയെങ്കിലും തമിഴ് രാഷ്ട്രീയ പ്രതിസന്ധി ഇനിയും അയഞ്ഞില്ല. ഡി.എം.കെ എം.എല്‍.എമാരും ഒ പനീര്‍ശെല്‍വം വിഭാഗവും സഭയില്‍ വലിയ ബഹളമുണ്ടാക്കുകയും സ്പീക്കറുടെ മേശയും ഫയലുകളും നശിപ്പിക്കുകയും ചെയ്തു. ചിലര്‍ മൈക്കുകള്‍ വലിച്ചൂരി. രഹസ്യ വോട്ടെടുപ്പെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവാത്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഡി.എം.കെയും പനീര്‍ശെല്‍വം വിഭാഗവും സഭയില്‍ ബഹളം വച്ചത്.
ബഹളം കൂടിയതോടെ ഡി.എം.കെ എം.എല്‍.എമാരെ പുറത്താക്കാന്‍ സ്പീക്കര്‍ പി ധനപാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ബലം പ്രയോഗിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനെ അടക്കം പുറത്താക്കിയത്. ഇതോടെ പ്രതിഷേധം കനക്കുകയും ചെയ്തു.
സ്പീക്കറുടെ നാടകമാണ് സഭയില്‍ നടന്നതെന്നും ഡി.എം.കെ അംഗങ്ങളെ പുറത്താക്കിയത് ജനാധിപത്യ വിരുദ്ധമെന്നും പനീര്‍ശെല്‍വം പറഞ്ഞു.
അതിനിടെ സ്റ്റാലിന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സഭയില്‍ നിന്ന് പുറത്താക്കിയ കാര്യമടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. മുംബൈയിലേക്കുള്ള യാത്ര ഗവര്‍ണര്‍ റദ്ദാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് ഡി.എം.കെ പദ്ധതിയിടുന്നത്. അതിന്റെ ഭാഗമായി മറീനാ ബീച്ചില്‍ പ്രതിഷേധം സംഗമം നടത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."