കടല്‍പ്പായലില്‍ നിന്ന് തൈറോയിഡിന് മരുന്ന്; പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് സി.എം.എഫ്.ആര്‍.ഐ
കൊച്ചി: തൈറോയിഡ് ചികിത്സയ്ക്ക് കടല്‍പ്പായലില്‍ നിന്ന് നിര്‍മിച്ച പ്രകൃതിദത്ത ഉല്‍പ്പന്നം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ഉടന്‍ പുറത്തിറക്കുമെന്ന് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍. കടലില്‍ നിന്നുള്ള ഔഷധനിര്‍മാണ പഠനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സി.എം.എഫ്.ആര്‍.ഐ നടത്തിയ 21 ദിവസം നീണ്ടു നിന്ന വിന്റര്‍ സ്‌കൂളിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടല്‍പ്പായലില്‍ നിന്ന് യോജിച്ച ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിച്ചെടുത്ത് നിര്‍മിച്ച ഉല്‍പ്പന്നം ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണ്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടല്‍പ്പായല്‍, കല്ലുമക്കായ എന്നിവയില്‍ നിന്ന് പ്രമേഹം, സന്ധിവേദന, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ നേരത്തെ സി.എം.എഫ്.ആര്‍.ഐ വികസിപ്പിച്ചിരുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളടക്കമുള്ളവ വികസിപ്പിക്കുന്നതിനുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന് വ്യവസായ സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുമെന്നും ഡയറക്ടര്‍ പറഞ്ഞു.
രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും 23 ഗവേഷകര്‍ക്കാണ് സി.എം.എഫ്.ആര്‍.ഐയുടെ വിന്റര്‍ സ്‌കൂളില്‍ പരിശീലനം നല്‍കിയത്. കടല്‍പ്പായലുകള്‍, കക്കവര്‍ഗങ്ങള്‍, കടലിലെ സൂക്ഷ്മ ജീവികള്‍ തുടങ്ങിയവയിലടങ്ങിയിട്ടുള്ള മൂലകങ്ങള്‍ ശാസത്രീയ രീതിയില്‍ വേര്‍തിരിച്ചെടുത്ത് വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നും ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ളവയും വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണരീതികളാണ് പരിശീലിപ്പിച്ചത്. പ്രായോഗിക പരിശീലനങ്ങള്‍ കൂടി ഉള്‍പ്പെട്ട വിന്റര്‍ സ്‌കൂളിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരാണ് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."