സ്ഥാനമൊഴിയാന്‍ ജേക്കബ് സുമക്ക് അന്ത്യശാസനം അവിശ്വാസപ്രമേയത്തിനുള്ള നീക്കവുമായി ഭരണകക്ഷി
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമക്കെതിരേ അവിശ്വാസപ്രമേയ നീക്കവുമായി ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) രംഗത്ത്. പാര്‍ട്ടിയുടെ 107 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് സുമയെ തിരികെവിളിക്കാന്‍ തീരുമാനിച്ചത്.
സിറില്‍ റമഫോസയെ പുതിയ പ്രസിഡന്റായി നിയമിക്കാനാണ് പാര്‍ട്ടി തീരുമാനം. എ.എന്‍.സി അധ്യക്ഷനാണ് റമഫോസ. നാളെത്തന്നെ സുമയോട് തീരുമാനം അറിയിക്കാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. എ.എന്‍.സി ജനറല്‍ സെക്രട്ടറി എസ്. മഗാഷുലെയാണ് ജോഹന്നാസ്ബര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് സുമ തെറ്റുചെയ്തിട്ടല്ല സ്ഥാനത്തുനിന്നു മാറ്റുന്നതെന്നും മഗാഷുലെ അറിയിച്ചു.
ഒരാഴ്ച നീണ്ടുനിന്ന ഉന്നതതല യോഗത്തിനൊടുവിലാണ് സുമയെ തിരികെവിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സുമ സ്വമേധയാ രാജിവയ്ക്കണമെന്ന ആവശ്യവുമായി റമഫോസ സുമയെ സമീപിച്ചതായും വിവരമുണ്ട്.
കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ യോഗത്തിലാണ് വിഷയത്തില്‍ അന്തിമതീരുമാനമായത്.
യോഗത്തിനിടെ അര്‍ധരാത്രി തന്നെ റമഫോസ സുമയുടെ ഭവനത്തിലെത്തി പ്രസിഡന്റിനോട് നേരിട്ട് രാജിക്കാര്യം അറിയിച്ചതായും എന്നാല്‍ സുമ പ്രതിവാദം നടത്തുക മാത്രമാണുണ്ടായതെന്നും റമഫോസയെ അനുഗമിച്ച മഗാഷുലെ പറയുന്നു.
അതേസമയം ചര്‍ച്ചകള്‍ വളരെ സൗഹാര്‍ദപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുമ രാജിവയ്ക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചതോടെ റമഫോസ തിരികെ ഹോട്ടലിലെത്തിയതായും സുമയെ രാജിവയ്പ്പിക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നും മഗാഷുലെ പറഞ്ഞു.
2019ല്‍ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജേക്കബ് സുമയെ താഴെയിറക്കുന്നതെന്നാണ് വിവരം. റമഫോസയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ച് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് പുതിയ മുഖം ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. തൊഴിലില്ലായ്മ, അഴിമതി, സാമ്പത്തിക മുരടിപ്പ് തുടങ്ങിയവയില്‍ കുടുങ്ങിക്കിടക്കുകയാണ് രാജ്യം. 2009 മുതല്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാണ് ജേക്കബ് സുമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."