അമേരിക്ക വിസ നല്‍കി; വൈറ്റ് ഹെല്‍മറ്റിന്റെ ഡോക്യുമെന്ററി ഓസ്‌കറില്‍
ബെയ്‌റൂത്ത്: സിറിയയിലെ മനുഷ്യക്കുരുതിയില്‍ സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹെല്‍മറ്റ് പ്രവര്‍ത്തകര്‍ക്ക് ഓസ്‌കറില്‍ പങ്കെടുക്കാന്‍ വിസ ലഭിച്ചു. സിറിയയിലെ കൂട്ടക്കുരുതിക്കിടെ വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധ, മനുഷ്യാവകാശ സംഘടന യുദ്ധഭൂമിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് വൈറ്റ് ഹെല്‍മറ്റ് എന്ന പേരില്‍ തയാറാക്കിയ ഡോക്യുമെന്ററിയിലുള്ളത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ദേഹത്ത് ഘടിപ്പിച്ച കാമറയിലൂടെയാണ് സിറിയന്‍ ദൈന്യതയുടെ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തിയത്. ഇവയില്‍ ചിലത് പുറംലോകം കാണുകയും മനുഷ്യസ്‌നേഹികളുടെ കണ്ണുനിറയ്ക്കുകയും ചെയ്തിരുന്നു.
സിറിയയില്‍ നടക്കുന്നത് എന്തെന്ന് പുറംലോകം അറിയുന്നത് വൈറ്റ് ഹെല്‍മറ്റ് പ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയിലൂടെയും ചിത്രങ്ങളിലൂടെയുമാണ്. സിറിയന്‍ ദൈന്യത ലോകത്തെ കാണിക്കാനാണ് ഇവര്‍ ഡോക്യുമെന്ററി തയാറാക്കിയത്. എന്നാല്‍, ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതുമൂലം ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള വിസ നിഷേധിക്കപ്പെട്ടിരുന്നു.വിലക്ക് കോടതി നീക്കിയതോടെ ഇവര്‍ക്ക് വിസ നല്‍കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അനുമതി നല്‍കി.
ഡോക്യുമെന്ററിക്കായുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഖാലിദ് ഖതീബിനും വൈറ്റ് ഹെല്‍മറ്റിന്റെ സ്ഥാപകന്‍ റയീദ് സാലിഹിനും ചടങ്ങില്‍ പങ്കെടുക്കാനാണ് യു.എസ് വിസ നല്‍കിയത്. ഷോര്‍ട് സബ്ജക്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രം നോമിനേഷന്‍ നേടിയത്.
നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാക്കിയിരിക്കുന്ന വൈറ്റ്‌ഹെല്‍മറ്റ് എന്ന ഡോക്യുമെന്ററി പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് പങ്കുവയ്ക്കുന്നത്.
സിറിയന്‍ രക്ഷാപ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി സിനിമ നിര്‍മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഓസ്‌കര്‍ ജേതാവായ ജോര്‍ജ് ക്ലൂണിയെയാണ് നായകനായി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."