കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ വിജിലന്‍സ് പിടിയില്‍
തളിപ്പറമ്പ്: ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനായി 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാറെ വിജിലന്‍സ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ കണ്ണൂര്‍ പുഴാതി സ്വദേശി പി.വി വിനോദ് കുമാറി (50)നെയാണ് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം.
കരിമ്പം സ്വദേശി സജീറില്‍ നിന്ന് സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. മാതാവിന്റെ പേരിലുള്ള സ്വത്ത് തന്റെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനാണ് സജീര്‍ ഓഫിസില്‍ എത്തിയത്.
എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനു മുന്‍പും മറ്റൊരു രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സജീറില്‍ നിന്ന് ഇയാള്‍ 4000 രൂപയോളം കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് വിജിലന്‍സിനെ സമീപിച്ചത്.
വിജിലന്‍സ് ഡിവൈ.എസ്.പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫിനോപ്തലിന്‍ പുരട്ടിയ നോട്ടുകള്‍ സഹിതം വിനോദ് കുമാറിനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിന്‍വലിച്ച 500 ന്റെ രണ്ട് കറന്‍സികള്‍ ഉള്‍പ്പെടെ ഇയാളില്‍ നിന്ന് പിടിച്ചെത്തു. വിനോദ് കുമാറിന്റെ പുഴാതിയിലുള്ള വീട്ടിലും സംഘം പരിശോധന നടത്തി. സി.ഐമാരായ ജി. ബാലചന്ദ്രന്‍, കെ.വി ബാബു, അസി.സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ പങ്കജാക്ഷന്‍, കെ.വി മഹീന്ദ്രന്‍, ഒ സുനില്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ടി.വി ബാബു, വിനോദ്, നാരായണന്‍ സുനോജ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."