ദേശീയ പാതയോരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു
അരൂര്‍: ദേശീയപാതയിലെ മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ദേശീയ പാതയില്‍ അരൂര്‍ പ്രെടോള്‍ പമ്പിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. ചേര്‍ത്തലയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് മാലിന്യത്തിന് തീ പിടിച്ചത്. ഏറെ നേരം മാലിന്യത്തില്‍ നിന്നും പുക വമിച്ചതിനെ തുടര്‍ന്ന് നട്ടുകാര്‍ എത്തി അണക്കുവാന്‍ ശ്രമിച്ചുവെങ്കിലും കഴിയാതെ വന്നതിനെ തുടര്‍ന്ന് അരൂര്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ചേര്‍ത്തല അഗ്നി ശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ ഏറെ ശ്രമകരമായ പ്രവര്‍ത്തനത്തിന് ശേഷമാണ് തീ അണക്കുവാനായത്. യഥാസമയം തീ അണക്കുവാന്‍ കഴിഞ്ഞത് വന്‍ ദുരന്തം ഒഴിവായി.
അരൂര്‍ പെട്രോള്‍ ബങ്കിന് വടക്കു ഭാഗം മുതല്‍ കെല്‍ട്രാണ്‍ കവല വരെ മാലിന്യത്തിന്റെ വലിയ നിക്ഷേപമാണ് ദേശീയ പാതയോരത്ത് കാണുന്നത്. വേനല്‍ കടുത്തതോടെ പാതയോരത്തെ ഉണങ്ങിയ മാലിന്യശേഖരത്തില്‍ പുകവലിച്ച ശേഷം അവശിഷ്ടം തള്ളിയതാകാം തീപിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു. അരൂര്‍, ചന്തിരൂര്‍, എരമല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ മാലിന്യത്തിന്റെ വന്‍ ശേഖരം തന്നെയാണ് കാണപ്പെടുന്നത്.
ഇവ നശിപ്പിക്കണമെന്നും തുടര്‍ന്നുള്ള മാലിന്യം നിക്ഷേപം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും നിരവധി തവണ പരാതികള്‍ ഉയര്‍ന്നിട്ടും യാതൊരുവിധ നടപടിയും ബന്ധപ്പെട്ട അധകൃതര്‍ സ്വീകരിച്ചിട്ടില്ല.
അനധികൃതമായി മാലിന്യ നിക്ഷേപം നടത്തുന്നതും തീ പിടിക്കുന്നതും ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന നൂറു കണക്കിന് വാഹനങ്ങള്‍ക്കും പ്രദേശത്തെ വീടുകള്‍ക്കും വന്‍ ഭീഷണിയാണ് നേരിടേണ്ടി വരുന്നത്. ഇത്തരം സാഹചര്യത്തില്‍ അടിയന്തിരമായി ദേശീയ പാതയില്‍ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."