വേദന സംഹാരിയുമായി തൃശൂരില്‍ യുവാവ് പിടിയില്‍ ഉപയോഗിച്ചിരുന്നത് മയക്കുമരുന്നായി
തൃശൂര്‍: വേദന സംഹാരിയായി ഉപയോഗിക്കുന്ന പെന്റാസോസിനുമായി കോയമ്പത്തൂര്‍ സ്വദേശിയായ യുവാവിനെ തൃശൂര്‍ റേഞ്ച് എക്‌സൈസ് സംഘം പിടികൂടി. പെന്റാസോസിന്റെ 28 ആംപ്യൂളുകളുമായാണ് കോയമ്പത്തൂര്‍ ഉക്കടം സ്വദേശി വിജയ് (21) നെ തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ മണ്ണുത്തിയില്‍ നിന്ന് പിടികൂടിയത്.
ടാറ്റൂ വരയ്ക്കുന്നതില്‍ വിദഗ്ധനായ ഇയാള്‍ ടാറ്റൂവരയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ വേണ്ടി ഇതു വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഒരു ഇഞ്ചക്ഷന്‍ എടുത്താല്‍ ആറു മണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന്‍ ഒരു ഡോസിന് 5,000 രൂപയാണ് ഈടാക്കിയിരുന്നത്. ബംഗളൂരുവില്‍ മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളില്‍ നിന്ന് ഒരു ഡോസിനു രണ്ടായിരം രൂപ നിരക്കില്‍ വാങ്ങിയാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നത്.
പ്രസവസമയത്ത് വേദന സംഹാരിയായി ഉപയോഗിക്കുന്ന ഷെഡ്യൂള്‍ എച്ച് വണ്‍ ഇനത്തില്‍പെടുന്ന പെന്റാസോസിനു മെഡിക്കല്‍ ഷോപ്പില്‍ 250 രൂപ മാത്രമാണ് വില. ഡോക്ടറുടെ കുറിപ്പില്ലാതെ ഇതു വില്‍ക്കാന്‍ പാടില്ലെന്നാണു നിയമം. ലഹരിവഴികളില്‍ വ്യത്യസ്തത തേടിയുള്ള പരക്കംപാച്ചിലാണു യുവാക്കളെ ഈ മയക്കുമരുന്നിലെത്തിച്ചിരിക്കുന്നതെന്നും ഇതിന്റെ ഉപയോഗം കൊണ്ടു മരണംവരെ സംഭവിക്കാമെന്നും തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ടി.വി റാഫേല്‍ പറഞ്ഞു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയചന്ദ്രന്‍, കൃഷ്ണപ്രസാദ്, ഷാഡോ എക്‌സൈസ് അംഗങ്ങളായ ബാഷ്പജന്‍, സുധീര്‍കുമാര്‍, സന്തോഷ്ബാബു, പ്രിവന്റീവ് ഓഫിസര്‍മാരായ ദക്ഷിണാമൂര്‍ത്തി, ജോസഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇര്‍ഷാദ്, ഫിജോയ്, ഷാജി, ബിജു, ലത്തീഫ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."