ശുഹൈബിനെ വധിച്ചത് താലിബാന്‍ മോഡലില്‍: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വധിച്ചത് താലിബാന്‍ മോഡലിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊലപാതകത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് സി.പി.എം പ്രവര്‍ത്തകര്‍ പരസ്യമായി കൊലവിളി നടത്തി. ഇതു കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊലപാതകികളെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് പൊലിസിന്റെ വീഴ്ചയാണ്. കേരളത്തില്‍ പൊലിസിനു പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. സംസ്ഥാനത്ത് പൊലിസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണം.
കൊലയാളികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ച് സംഭവം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വിവരം കിട്ടിയിട്ടും തെരച്ചില്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകി. വിവരം കിട്ടിയപ്പോള്‍ തന്നെ പരിശോധന തുടങ്ങിയിരുന്നെങ്കില്‍ പ്രതികളെ കണ്ടെത്താമായിരുന്നു. ഒരു സിനിമാപ്പാട്ടിനോടു പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, സ്വന്തം ജില്ലയിലെ ഒരു യുവാവ് കൊല്ലപ്പെട്ടിട്ട് പ്രതികരിക്കുന്നില്ല.
കൊല നടക്കുന്നതിനു മുന്‍പ് ടി.പി വധക്കേസിലെ പ്രതികളെ പരോളില്‍ വിട്ടതും സംശയാസ്പദമാണ്. കേസിനെക്കുറിച്ച് നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തിയുണ്ട്. സംഭവത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം.
ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന ഗര്‍ഭിണിയായ വീട്ടമ്മയെയും സി.പി.എമ്മുകാര്‍ വെറുതെവിട്ടില്ല. സി.പി.എമ്മുകാരുടെ ചവിട്ടുകൊണ്ട് ഗര്‍ഭസ്ഥശിശു മരിച്ചു.
ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു പോലും എല്‍.ഡി.എഫ് ഭരണത്തില്‍ രക്ഷയില്ല. ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതു കൊണ്ടാണ് കെ.എം മാണി യു.ഡി.എഫ് വിട്ടതെന്ന് ചോദ്യത്തിനു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."