കോടതിവിധി ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ആരുമായും ചര്‍ച്ചക്കില്ലെന്ന്
കോട്ടയം: സുപ്രിംകോടതി വിധിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ പാത്രിയാര്‍ക്കീസ് ബാവ അടക്കം ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ. കോട്ടയം ദേവലോകം അരമനയില്‍നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിവിധി മാനിക്കാത്തവരുമായി സമാധാനചര്‍ച്ച എങ്ങനെ സാധ്യമാകുമെന്ന് ബാവ ചോദിച്ചു. സുപ്രിംകോടതി വിധിയിലൂടെ ഉണ്ടാകുന്ന സമാധാനത്തിലാണ് വിശ്വാസം. നിയമം ആവശ്യമില്ലെന്ന് പറയുന്നത് അരാജകത്വം വിളിച്ചുവരുത്തലാണ്. അനര്‍ഹമായത് പിടിച്ചെടുക്കാന്‍ മലങ്കര സഭ ആഗ്രഹിക്കുകയും ശ്രമിക്കുകയുമില്ല.
ശാശ്വത സമാധാനമാണ് ഓര്‍ത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നത്. സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതികരണങ്ങളാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇടവകയുടെ സ്വത്തുക്കള്‍ സഭാകേന്ദ്രം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം സത്യത്തിന് നിരക്കാത്തതാണ്.
സമാധാനവും ഐക്യവും ആഗ്രഹിക്കുന്നവര്‍ യുദ്ധത്തിനുള്ള വെല്ലുവിളി അവസാനിപ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ നിയമപ്രകാരമുള്ള സമീപനമാണ് വിഷയത്തില്‍ സ്വീകരിക്കുന്നത്. മറ്റുചിലര്‍ ആയിരുന്നെങ്കില്‍ അങ്ങനെ ആകുമായിരുന്നില്ല. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലല്ലാതെ ഇനി ചര്‍ച്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."