കാട്ടാനക്കൂട്ടവും കാട്ടുതീയും; ജീവന്‍ പണയപ്പെടുത്തി ഭാസ്‌കരേട്ടനും മാതുവമ്മയും
കുറ്റ്യാടി: കാട്ടാനക്കൂട്ടത്തിന്റെ ചിന്നം വിളിക്കും പടര്‍ന്നുപിടിക്കുന്ന കാട്ടുതീക്കുമിടയില്‍ ജീവിതം പണയപ്പെടുത്തി ഒരു കുടുംബം. കാവിലുംപാറ പഞ്ചായത്തിലെ വനാതിത്തിയോട് ചേര്‍ന്ന കുവ്വക്കൊല്ലി മലയിലാണ് കാട്ടുമൃഗങ്ങളുടെആക്രമണവും കാട്ടുതീയും ഭയന്ന് കുവ്വക്കൊല്ലി ഭാസ്‌കരേട്ടനും മാതുവമ്മയും കഴിയുന്നത്. ഇരുവര്‍ക്കും കൂട്ടിനുള്ളതാവട്ടെ കുറെ ആടുകളും പശുക്കളും മാത്രവും. ഒരു മാസത്തിനിടയില്‍ പല തവണ ഇവരുടെ കൊച്ചു കൂരക്ക് അടുത്തുവരെ കാട്ടാനക്കൂട്ടമിറങ്ങിയിട്ടുണ്ട്.
തൊട്ടില്‍പ്പാലത്ത് നിന്ന് കരിങ്ങാട് വഴി കുവ്വക്കൊല്ലി മലയിലെ ഇവരുടെ താമസ സ്ഥലത്തേക്കുള്ള മലമ്പാത ആനകളുടെ പ്രധാന സഞ്ചാരമാര്‍ഗമാണ്. നേരത്തെ അന്‍പതിലേറെ കുടുംബങ്ങള്‍ ഈ മേഖലയില്‍ താമസിച്ചിരുന്നു. തുടര്‍ച്ചയായുണ്ടായ കാട്ടുമൃഗങ്ങളുടെ ആക്രമണം കാരണം മറ്റെല്ലാവരും ഇവിടം ഉപേക്ഷിച്ചുപോയപ്പോഴും മണ്ണിനോടും കൃഷിയോടുമുള്ള ആഭിമഖ്യം ഒന്നുകൊണ്ട് മാത്രം മാതുവമ്മയും ഭാസ്‌കരേട്ടനും ഈ മലയോരത്ത് പിടിച്ചു നില്‍ക്കുകയായിരുന്നു. ഒരുഭാഗത്ത് ആനശല്യം രൂക്ഷമാവുന്നതിനിടയിലാണ്.
കഴിഞ്ഞ ദിവസം ഇവരുടെ വീടിന്റെ 20 മീറ്റര്‍ മാത്രം അകലെ വനത്തോട് ചേര്‍ന്ന കൃഷിയിടത്തിന് തീ പിടിച്ചത്. ആകാശം മുട്ടെ ഉയര്‍ന്ന അഗ്നിജ്വാലകള്‍ മലയുടെ ഒരു വലിയ ഭാഗം മുഴുവനായും വിഴുങ്ങുമ്പോഴും മണ്ണിനോടുള്ള സ്‌നേഹം മുറുകെ പിടിച്ച് രാത്രി മുഴുവനും തങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് കാവലിരിക്കുകയായിരുന്നു ഈവൃദ്ധ ദമ്പതികള്‍.
ഒരുമാസം മുന്‍പ് കൃഷിപ്പണിക്ക് വേണ്ടി ഇവരുടെ സ്ഥലത്തെ കാടുകള്‍ വെട്ടി തെളിയിച്ച് മണ്ണ് കിളച്ചിട്ടതുകൊണ്ട് മാത്രമാണ് ഇവരുടെ വീട്ടിലേക്ക് തീ പടരാതിരുന്നത്. എല്ലാ കഷ്ടതകളും സഹിച്ച് കൃഷിയെ സ്‌നേഹിക്കുന്ന ഇത്തരം കര്‍ഷകരെ സംരഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ അര്‍ഹതപ്പെട്ട നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പല കര്‍ഷകരും ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഇവരുടെ കാര്‍ഷിക വിളകള്‍ നശിച്ചാല്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷപോലും സ്വീകരിക്കുന്നതിന് പല ഒഴിവു കഴിവുകള്‍ പറയുകയാണ് കുറ്റ്യാടി വനം വകുപ്പ് ഓഫിസിലെ ജീവനക്കാരെന്നും ലീസ് എഗ്രിമെന്റ് അംഗീകരിക്കാന്‍ പോലും ഇവര്‍ തയാറാവുന്നില്ലെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. അപേക്ഷയുമായി എത്തുന്ന കര്‍ഷകര്‍ക്ക് മാന്യമായ പെരുമാറ്റംപോലും ജീവനക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. വന്യമൃഗങ്ങളെ കാട്ടിനുള്ളില്‍ സംരക്ഷിക്കാനുള്ള ബാധ്യത, വന്യ ജീവി വകുപ്പിനാണെന്നിരിക്കെ ഇവ നാട്ടിലിറങ്ങാതെ നോക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കുണ്ടെന്നും നാമനാത്ര നഷ്ടപരിഹാരം കാലോചിതമായി പരിഷ്‌കരിച്ച് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."