മനുഷ്യചങ്ങല തീര്‍ത്ത് നാട്ടുകാരുടെ പ്രതിഷേധം
ഇരിട്ടി: സുപ്രിംകോടതി വിധിയെതുടര്‍ന്ന് മട്ടന്നൂരില്‍ നിന്നു ഒഴിവാക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യവില്‍പനശാല പായം പഞ്ചായത്തിലെ എരുമത്തടത്തില്‍ കൊണ്ടു വരാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം.
വട്ട്യറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഇന്നലെ ലഹരി വിരുദ്ധ പ്രതിജ്ഞയോടൊപ്പം മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചത്.
പായം വട്ട്യറ മേഖലയില്‍ വ്യാജ മദ്യവില്‍പന രൂക്ഷമായതിനാല്‍ പായം പഞ്ചായത്തിനെ ലഹരി വിമുക്ത പഞ്ചായത്തായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബിവറേജസ് ചില്ലറ മദ്യവില്‍പനശാല ഇവിടെ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ പഞ്ചായത്ത് നിലപാട് വ്യക്തമാക്കണമെന്നും നാട്ടുകാരുടെ സൈര്യജീവിതം തകര്‍ക്കാനുള്ള അധികൃതരുടെ നീക്കം അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
പ്രതിഷേധ സമരങ്ങളുടെ തുടക്കമെന്ന നിലയില്‍ മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ജില്ലാ കലക്ടര്‍, പായം പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനവും നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയും സമര്‍പ്പിക്കും. പ്രതിഷേധസമരത്തിന് വട്ട്യറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ വികാരി ഫാ തോമസ് അട്ടേങ്ങാട്ടില്‍, മൈക്കിള്‍ തടത്തില്‍, ബെന്നി വട്ടുകുളം, ജോയി ഇലവുങ്കല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."