മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഉപകേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ സ്ഥാപിക്കുമെന്നു മന്ത്രി ബാലന്‍
കൊണ്ടോട്ടി: മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഉപകേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ സ്ഥാപിക്കുമെന്നു സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദ്യ ഉപകേന്ദ്രം നാദാപുരത്ത് ഒരു വര്‍ഷത്തിനകം തുറക്കുമെന്നും മന്ത്രി പറഞ്ഞു. ടി.എ റസാഖിന്റെ സ്മരണാര്‍ഥം അക്കാദമിയില്‍ ഓഡിയോ വിഷ്വല്‍ തിയറ്റര്‍ സ്ഥാപിക്കും. വിശദമായ പ്രൊജക്ട് ഒരാഴ്ചയ്ക്കകം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. മാപ്പിള കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ അക്കാദമിവഴി വിതരണം ചെയ്യും. അക്കാദമിയുടെ പ്രവര്‍ത്തന ഗ്രാന്റ് വര്‍ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌ക്കാരം വി.എം കുട്ടിക്ക് മന്ത്രി സമ്മാനിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി പ്രശസ്തിപത്രം വായിച്ചു. അക്കാദമിയിലെ പുസ്തകശാല മന്ത്രി ഉദ്ഘാടനം ചെയ്തു. പല്ലവി കുഞ്ഞുട്ടി, യൂസഫലി കേച്ചേരി, ടി.എ റസാഖ്, വടകര കഷ്ണദാസ്, ദര്‍ബ മൊയ്തീന്‍കോയ എന്നിവരുടെ ചിത്രങ്ങള്‍ അദ്ദേഹം അനാച്ഛാദനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ അധ്യക്ഷനായി. മോയിന്‍കുട്ടി വൈദ്യര്‍: കലയും കാലവും എന്ന പുസ്തകം നല്‍കിയാണ് നഗരസഭാ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി മന്ത്രിയെ സ്വാഗതം ചെയ്തത്.
ബഷീര്‍ ചുങ്കത്തറ പുരനരാഖ്യാനം ചെയ്ത മോയിന്‍കുട്ടി വൈദ്യരുടെ ബാലകഥകളും മലപ്പുറം ഖിസ്സയും എന്ന പുസ്തകം ഇഖ്ബാല്‍ കോപ്പിലാന് നല്‍കി എം.എന്‍ കാരശ്ശേരി പ്രകാശനം ചെയ്തു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, അയ്യാടന്‍ മുഹമ്മദ്ഷാ, എന്‍ രാജന്‍, കെ.കെ ആലിബാപ്പു, അഡ്വ. കെ.കെ സമദ്, എ.പി സുകുമാരന്‍, കോഴിക്കോട് മേഖല പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. സജീവ്, പി. അബ്ദുറഹിമാന്‍ സംസാരിച്ചു. തുടര്‍ന്നു മാപ്പിളപ്പാട്ടുകള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."