സങ്കടക്കടല്‍ താണ്ടി ഒരുമ്മ ഇവിടെയുണ്ട്
ഫെബ്രുവരി പതിനൊന്നിന്റെ ഞായര്പ്രഭാതത്തിലെ നിസാര്‍ കൂമണ്ണയുടെ 'സങ്കടക്കടല്‍ താണ്ടി ഒരുമ്മ ഇവിടെയുണ്ട് ' എന്ന ഫീച്ചര്‍ ഏറെ വേദനയോടെയും ഭീതിയോടെയുമാണു വായിച്ചുതീര്‍ത്തത്. ഭരണകൂട ഭീകരതയുടെ കരളലിയിപ്പിക്കുന്ന ചിത്രം വരച്ചുകാട്ടിയ ലേഖകനും സുപ്രഭാതത്തിനും അഭിനന്ദനങ്ങള്‍.
ഇതര സംസ്ഥാനത്തെ പൊലിസ് കേരളത്തിലെത്തി, എന്തിന്റെ പേരിലായാലും ഇവിടെ ഒരാളെ പിടിച്ചുകൊണ്ടുപോകുന്നതിനു മുന്‍പ് ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന ന്യായമായ മര്യാദപോലും ഈ സംഭവത്തിലുണ്ടായില്ല എന്നതു ഖേദകരമാണ്. എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോള്‍ ഒന്നുമറിയില്ലെന്ന മറുപടിയാണല്ലോ ലഭിച്ചത്? സക്കരിയയുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലില്‍ കഴിയേണ്ടിവന്നത്, ചെയ്യാത്ത തെറ്റിന്റെ പേരിലാണെന്നറിയുമ്പോഴാണു സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുടെ ഭീകരമുഖം വ്യക്തമാകുന്നത്.
വൈകിയെങ്കിലും ഈ ലേഖനം സക്കരിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളുടെ പുതിയ തുടക്കത്തിനു നിമിത്തമാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."