ശുഹൈബ് വധം: ആറാംനാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: കണ്ണൂരില്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ശുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലിസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക.
ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പൊലിസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പൊലിസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോടിയേരിയുടെയും പ്രതികരണം ഇന്നു തന്നെ
ശുഹൈബ് വധത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നു തന്നെയാണ് ആദ്യ പ്രതികരണം അറിയിച്ചത്. വധത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നും അപലപിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പ്രതികളാണോ കസ്റ്റഡിയിലുള്ളത്?
പൊലിസ് കസ്റ്റഡിയില്‍ എടുത്തവര്‍ പ്രതികളല്ലെന്നാണ് നേരത്തെ കോടിയേരി പറഞ്ഞത്. ഇവര്‍ പൊലിസിന്റെ ശല്യം സഹിക്കാനാവാതെ കീഴടങ്ങിയതാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍, ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."