ജീവിച്ചിരിക്കുന്നവരുടെ അവയവദാനം; പരിഷ്‌കരിച്ച ഉത്തരവ് പുറത്തിറങ്ങി രോഗി 3.5 ലക്ഷം രൂപ ഫീസ് അടയ്ക്കണം
തിരുവനന്തപുരം: ജീവിച്ചിരിക്കുന്നവരുടെ അവയവദാനവുമായി ബന്ധപ്പെട്ട് പരിഷ്‌കരിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇതനുസരിച്ച് ഉറ്റബന്ധുക്കളില്‍ നിന്നല്ലാതെ അവയവം സ്വീകരിക്കുന്ന രോഗിക്ക് പരമാവധി മൂന്നര ലക്ഷം രൂപ ചെലവാകും.
രണ്ടു ലക്ഷം രൂപ ദാതാവിന്റെ ചികിത്സാചെലവിലേക്കും ഒന്നരലക്ഷം ദാതാവിന്റെ മൂന്നു മാസത്തേക്കുള്ള ജീവിതച്ചെലവിലേക്കുമാണ് നല്‍കേണ്ടത്. നോഡല്‍ ഏജന്‍സിയായ കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗാന്‍ ഷെയറിങ്ങിലാണ് (മൃതസഞ്ജീവനി) തുക അടയ്‌ക്കേണ്ടത്. ഇവിടെനിന്ന് തുക ദാതാവിന്റെ അക്കൗണ്ടിലെത്തിക്കും. ദാതാവിന് ആജീവനാന്ത സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കും.
ലാഭേച്ഛയില്ലാതെയുള്ള അവയവദാനത്തിന് സന്നദ്ധരായവരും ഉറ്റബന്ധുക്കളില്‍നിന്ന് ദാതാക്കളെ ലഭിക്കാത്ത രോഗികളും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. മൃതസഞ്ജീവനിയുടെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ സോണല്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കുകയും വേണം. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം സോണല്‍ ഓഫിസുകള്‍ ദാതാക്കളുടെ പട്ടിക തയാറാക്കും.അവയവദാനത്തിന് അനുയോജ്യമായ ആശുപത്രി ദാതാവിന് തെരഞ്ഞെടുക്കാം. എന്നാല്‍, സ്വീകര്‍ത്താവിനെ തെരഞ്ഞെടുക്കാനാവില്ല. മുന്‍ഗണനാക്രമം അനുസരിച്ച് രോഗികളെ തെരഞ്ഞെടുക്കുന്നത് പൂര്‍ണമായും സോഫ്റ്റ്‌വെയര്‍ നിയന്ത്രണത്തിലായിരിക്കും. സര്‍ക്കാര്‍ ഏജന്‍സി ഇടനിലക്കാരാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട ഇടനിലക്കൊള്ളയും മറ്റും പണമിടപാടുകളും തടയപ്പെടും.
അവയവദാനത്തിന് സന്നദ്ധരായ ഉറ്റബന്ധുക്കളുള്ള രോഗികള്‍ക്ക് രജിസ്റ്ററില്‍ മുന്‍ഗണന ലഭിക്കും. രോഗിയുടെ പ്രായം, ഡയാലിസിസിന്റെ എണ്ണം, ദാതാവും രോഗിയും തമ്മിലുള്ള പ്രായവ്യത്യാസം തുടങ്ങിയവയും മുന്‍ഗണനാ മാനദണ്ഡങ്ങളില്‍പ്പെടും. യാത്രാചെലവുള്‍പ്പെടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ദാതാവിനുണ്ടാകുന്ന മുഴുവന്‍ ചെലവുകള്‍ക്കും സ്വീകര്‍ത്താവില്‍നിന്ന് ഈടാക്കുന്ന തുക വിനിയോഗിക്കും. ദാതാവിന്റെ തുടര്‍ചികിത്സയുടെ പൂര്‍ണ ചുമതല ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിക്കാണെന്നും ഉത്തരവില്‍ പറയുന്നു. ആശുപത്രികള്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും വിവരങ്ങള്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുകയും ഓരോ മാസവും ഇത് കെ.എന്‍.ഒ.എസില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിന് ഓരോ ആശുപത്രികളുമായി കെ.എന്‍.ഒ.എസ് ധാരണാപത്രം തയാറാക്കണം.
അതേസമയം, ഉത്തരവുപ്രകാരമുള്ള പണമിടപാടുകള്‍ എത്രകണ്ട് വേഗത്തില്‍ നടക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ദാതാവിന്റെ ചികിത്സക്കും മൂന്നു മാസത്തെ ജീവിതച്ചെലവിനുമുള്ള തുക കൃത്യസമയത്ത് ലഭിക്കുന്നകാര്യം സംശയമാണ്. പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയായതിനാല്‍ ഇതില്‍ കാലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാലതാമസം ഒഴിവാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടുമെന്ന് ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.
ഉത്തരവ് സംബന്ധിച്ച കാര്യങ്ങള്‍ അടുത്തദിവസം തന്നെ ഹൈക്കോടതിയെ അറിയിക്കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഇതിനായുള്ള സോഫ്റ്റ്‌വെയര്‍ തയാറാക്കുകയാണെന്നും ഒരുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പില്‍വരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ അവയവം ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തികള്‍ നല്‍കുന്ന പരസ്യം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതൊഴിവാക്കിക്കിട്ടാന്‍ നിരവധിപേര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹരജി പരിഗണിച്ച ഹൈക്കോടതി ലാഭേച്ഛ കൂടാതെയുള്ള അവയവദാനത്തിന് സംവിധാനമൊരുക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഇതനുസരിച്ച് കെ.എന്‍.ഒ.എസ് കരട് തയാറാക്കി. ജനുവരി 27നു ചേര്‍ന്ന അവയവദാന അഡൈ്വസറി കമ്മിറ്റി കരട് പരിശോധിച്ച് അംഗീകാരം നല്‍കി. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."