മഴക്കാലപൂര്‍വ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കം
കാസര്‍കോട്: മഴക്കാല രോഗങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികളെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കം കുറിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കും. കൊതുക് പെരുകാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ പൂര്‍ണമായും നീക്കംചെയ്യുന്നതിന് ഊന്നല്‍ നല്‍കിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുക.
വീടുകളുടെയും ഓഫിസുകളുടെയും 100 മീറ്റര്‍ ചുറ്റളവില്‍ കൊതുകുകളുടെ ആവാസ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പൊതുജനങ്ങളും ഓഫിസ് മേധാവികളും ശ്രദ്ധ പുലര്‍ത്തണമെന്ന് കലക്ടര്‍ പറഞ്ഞു. ജൂണ്‍ രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും സ്ഥാപന മേധാവികളും വിദ്യാര്‍ഥികളും രംഗത്തിറങ്ങണം. ജില്ലയില്‍ ഡെങ്കിപ്പനിയുടെ വ്യാപനം ആശങ്കയുണര്‍ത്തുംവിധം വളരുകയാണെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം 32 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ചു പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. ജൂണ്‍ മൂന്നിന് സര്‍ക്കാര്‍ ഓഫിസുകളും പരിസരവും ശുചീകരിക്കാന്‍ ഓഫിസ് ജീവനക്കാര്‍ മുന്നിട്ടിറങ്ങും. ഓഫിസുകളില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.
കാലവര്‍ഷത്തില്‍ ദുരന്തങ്ങളൊഴിവാക്കാന്‍ പൊതുസ്ഥലങ്ങളിലെയും സ്ഥാപനപരിസരങ്ങളിലെയും അപകട ഭീഷണിയുള്ള മരങ്ങളുടെ ശാഖകള്‍ വെട്ടിമാറ്റണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റണമെങ്കില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇതില്‍ ജില്ലാതല സമിതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
വൈദ്യുതി കമ്പികള്‍ക്കും റോഡുകളിലും ദുരന്തഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കണ്ടെത്തി ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി, പി.ഡബ്ല്യു.ഡി വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."