റഷ്യന്‍ പള്ളിയില്‍ വെടിവയ്പ്; 5 സ്ത്രീകള്‍ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു. റിപബ്ലിക് ഓഫ് ദഗസ്താനിലെ കിസ്ലിയര് പട്ടണത്തിലെ ഓര്‍ത്തഡോക്സ് പള്ളിയിലാണ് ആക്രമണം നടന്നത്. ഒരു പൊലിസ് ഉദ്യോഗസ്ഥനും സുരക്ഷാ ജീവനക്കാരനും ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരുക്കേറ്റു. ഇവരില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്.
അക്രമി പൊലിസിന്റെ വെടിയേറ്റു മരിച്ചിട്ടുണ്ട്. ദഗസ്താന് സ്വദേശിയായ ഖാലില്‍ ഖലീലോവ് ആണ് ആക്രമണം നടത്തിയതെന്നു പിന്നീട് തിരിച്ചറിഞ്ഞു. സ്ത്രീകളില്‍ നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. കൊല്ലപ്പെട്ടവരിലൊരാള്‍ മികച്ച സേവനത്തിന് അവാര്‍ഡ് ജേതാവായ ഡോക്ടറാണ്.
കുര്‍ബാന പൂര്‍ത്തീകരിച്ച ശേഷം എല്ലാവരും പള്ളിയില്‍ നിന്നിറങ്ങിത്തുടങ്ങിയ സമയത്താണ് ഭീകരന് അവിടെയെത്തുന്നതും ആള്‍ക്കൂട്ടത്തിനുനേരെ വെടിവയ്ക്കുന്നതുമെന്ന് ഒരു പുരോഹിതന് പറഞ്ഞു. അക്രമിയുടെ കൈയില്‍ ഒരു തോക്കും ഒരു കത്തിയുമാണ് ഉണ്ടായിരുന്നത്.
അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. കൊല്ലപ്പെട്ട ഖലീലോവ് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് ഐ.എസ് വെബ്സൈറ്റായ ആമാഖിലൂടെയാണ് അവകാശപ്പെട്ടത്. എന്നാല്‍ ഇതു സ്ഥിരീകരിക്കുന്ന യാതൊരുവിധ തെളിവുകളും പൊലിസിനു ലഭിച്ചിട്ടില്ല. അടുത്തിടെ ദഗസ്താനിലുണ്ടായ പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."