ഇറാനെതിരെ സഊദിയില്‍ നിന്നും ശത്രുതാപരമായ നീക്കമുണ്ടാകില്ല; ഇറാനെതിരെ നടപടികള്‍ ശക്തമാക്കണം: സഊദി
റിയാദ്: അന്ത്രാഷ്ട്ര നയതന്ത്രം പൂര്‍ണമായും പിന്തുടരുന്ന രാജ്യമാണ് സഊദിയെന്നതിനാല്‍ ഇറാനെതിരെ ശത്രുതാ പരമായ നീക്കം സഊദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് സഊദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. എങ്കിലും ഇറാന്റെ നിലപാട് മാറ്റേണ്ടതുണ്ടെന്നും നിലവിലെ ഇറാന്‍ നിലപാടിനെതിരെ നടപടികള്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഊദിക്കെതിരെ നീക്കം നടത്തുന്ന ഇറാനെ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മ്യുണിക്കില്‍ സുരക്ഷാ ഉച്ചകോടിയില്‍ പങ്കടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മധ്യേഷ്യയില്‍ നിലവില്‍ ഇറാന്‍ സ്വീകരിക്കുന്ന നിലപാടില്‍ നിന്നും പിന്മാറണം. വിവിധ രാജ്യങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമമായാണ് ഇറാന്‍ നടത്തുന്നത്. 1996ല്‍ സഊദിയിലെ ടവറുകള്‍ക്ക് നേരെ ബോംബ് സ്‌ഫോടനം നടത്തിയതിനു പിന്നില്‍ ഇറാനാണ്. 1979 ല്‍ ഖുമൈനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് മധേഷ്യയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉടലെടുത്തത്. സിറിയ, യമന്‍, ഇറാഖ്, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ വഷളാക്കിയതിനു പിന്നിലും ഇറാനാണ്. ജര്‍മനി ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നിലും ഇറാനാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറാന്റെ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ കാണാനാകും അദ്ദേഹം പറഞ്ഞു.
യമനിലെ ഹൂതികളുടെ കയ്യില്‍ ആയുധമെത്തുന്നത് തടയുന്നതില്‍ ഇറാന്റെ പരാജയം ചൂണ്ടിക്കാട്ടി ബ്രിട്ടണ്‍, അമേരിക്ക ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇറാനെതിരെ പ്രമേയം തയ്യാറാക്കി വരുന്നതിനിടെയാണ് സഊദിയുടെ ഇറാനെതിരെയുള്ള പ്രസ്താവന. ഇറാന്‍ ആണവ സമ്പുഷ്ടീകരണത്തില്‍ പോലും പരിശോധന കര്‍ശനമാക്കേണ്ട സമയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഹൂതികള്‍ മേഖലയില്‍ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ പിന്താങ്ങുന്ന സമീപനം ഒരാളില്‍ നിന്നും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൂതി അധിനിവേശത്തോടെ തകര്‍ന്നു പോയ യമന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു യു.എ.ഇ യുമായി ചേര്‍ന്നു സഊദി വന്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."