വനിതാകമ്മിഷന്‍ കോഴിക്കോട്ട് റീജ്യനല്‍ ഓഫിസ് ആരംഭിക്കും
കൊച്ചി: വടക്കന്‍ ജില്ലയിലുള്ള വനിതകള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ വനിതാ കമ്മിഷന്‍ കോഴിക്കോട്ട് റീജ്യനല്‍ ഓഫിസ് ആരംഭിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. മധ്യകേരളത്തിനായി കൊച്ചിയിലും ഓഫിസ് തുറക്കുമെന്ന് അധ്യക്ഷ പറഞ്ഞു. വനിതാ കമ്മിഷന്റെ അധികാര പരിധി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പരിഗണനാ വിഷയങ്ങളും രേഖാമൂലം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി കമ്മിഷന്റെ അധികാര പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച ബില്‍ പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫൈന്‍ പറഞ്ഞു.
വിദ്യാര്‍ഥിനികളെ ബോധവല്‍ക്കരിക്കാന്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് കലാലയ ജ്യോതി പദ്ധതിക്ക് തുടക്കം കുറിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അമ്മമാര്‍ക്കുവേണ്ടിയുള്ള ബോധവല്‍ക്കരണ പദ്ധതികള്‍ ചില പഞ്ചായത്തുകളില്‍ നടപ്പാക്കുന്നുണ്ട്. സി.ഡി.എസ്, കുടുംബശ്രീ എന്നിവരുമായി സഹകരിച്ച് എല്ലാ പഞ്ചായത്തിലും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.
സൈബര്‍ ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ വനിതാ കമ്മിഷന്‍ ഒറ്റക്കു വിചാരിച്ചാല്‍ സാധിക്കില്ല. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണ കേസുകളെക്കുറിച്ച് അറിയാനും പരിശോധിക്കാനും പുതിയ സംവിധാനം വേണമെന്നും അധ്യക്ഷ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം വര്‍ധിക്കുന്നതിനെ കമ്മിഷന്‍ ഗൗരവമായാണ് കാണുന്നത്. കേസുകളുടെ സ്ഥിതി അറിയാനും പിന്തുടരാനും പുതിയൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കെ.കെ രമക്കെതിരായ സംഭവത്തില്‍ നടപടിയെടുക്കാന്‍ ഓഫിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രമ പരാതി നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ജോസഫൈന്‍ പറഞ്ഞു. എറണാകുളത്ത് നടന്ന മെഗാ അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അധ്യക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."