സി.പി.എം സംസ്ഥാന സമ്മേളനം കരുത്തുണ്ടാകേണ്ടത് പാര്‍ട്ടിക്ക്; വ്യക്തിക്കല്ല: പിണറായി
തൃശൂര്‍: കരുത്തുണ്ടാകേണ്ടത് പാര്‍ട്ടിക്കാണെന്നും വ്യക്തിക്കല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി തേക്കിന്‍കാട് മൈതാനിയില്‍ ദീപശിഖ തെളിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരു വ്യക്തിയെ ശക്തിപ്പെടുത്താനല്ല സി.പി.എം പ്രവര്‍ത്തിക്കുന്നത്. ഏത് കരുത്തനായ വ്യക്തിയും പാര്‍ട്ടിക്കു കീഴിലാണ്. എല്ലാവരും ശ്രമിക്കേണ്ടത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നു തെളിയിക്കുന്നതാണ് ഇത്തവണത്തെ സമ്മേളനം. ഒരിടത്തും പാര്‍ട്ടിയിലെ വിഭാഗീയത തെളിയിക്കുന്ന ഒരു വാര്‍ത്തയും പുറത്തുവന്നില്ല.
ആര്‍.എസ്.എസുകാരെ ഉപയോഗിച്ച് ഇ.പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്. ജയരാജനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതും തോക്ക് കൊടുത്തയച്ചതും ഈ കോണ്‍ഗ്രസ് നേതാവായിരുന്നു.
ഭരണകൂട ഭീകരതയ്ക്കു നേതൃത്വം നല്‍കിയ കോണ്‍ഗ്രസില്‍നിന്നും ആര്‍.എസ്.എസില്‍ നിന്നുമാണ് സി.പി.എം കൂടുതല്‍ ഭീകരത നേരിട്ടത്. ആര്‍.എസ്.എസ് അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചതിന്റെ ഭാഗമായാണ് കേരളത്തില്‍ സി.പി.എമ്മിനെതിരേ ആര്‍.എസ്.എസ് കൊലക്കത്തിയെടുത്തത്.
കെ.വി സുധീഷിനെ മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നവര്‍, അഴീക്കോടന്‍ രാഘവനെ കൊന്നവര്‍, ഇ.പി ജയരാജനെയും പി. ജയരാജനെയും കൊല്ലാന്‍ ആളെ വിട്ടവര്‍ തുടങ്ങിയവരെല്ലാം കൂടി തകര്‍ക്കാന്‍ നോക്കിയാല്‍ തകര്‍ന്നുപോകുന്നതല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.
പിറന്നുവീണ നാള്‍ മുതല്‍ ഭരണകൂടത്തിന്റെയും പ്രതിലോമ ശക്തികളുടെയും ആക്രമണത്തെ പരാജയപ്പെടുത്തിയ ചരിത്രമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളതെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."