ഗോവയില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ പരീക്കറില്ലെങ്കില്‍ പിന്തുണ
പനാജി: ഗോവയില്‍ ബി.ജെ.പി സര്‍ക്കാരിനെ വെട്ടിലാക്കി ഘടക കക്ഷികള്‍. 40 അംഗ നിയമസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും മറ്റ് പാര്‍ട്ടികളെ കൂട്ടി കേവല ഭൂരിപക്ഷമുണ്ടാക്കി അമിത്ഷായുടെ ചാണക്യനീക്കത്തിലൂടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ രാജിവയ്പ്പിച്ച് ഗോവ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.
അസുഖ ബാധിതനായി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെ ഘടക കക്ഷികള്‍ ബി.ജെ.പിക്കെതിരേ കലാപക്കൊടി ഉയര്‍ത്തിയത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ളപ്പോള്‍ മാത്രമെ ബി.ജെ.പിക്ക് പിന്തുണ നല്‍കൂ എന്നാണ് ഘടക കക്ഷികളായ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി(എം.ജി.പി)യും ഗോവ ഫോര്‍വേഡ് പാര്‍ട്ടി(ജി.എഫ്.പി)യും ഇന്നലെ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പില്‍ 14 പേരെയാണ് ബി.ജെ.പിക്ക് വിജയിപ്പിച്ചെടുക്കാനായത്. കേവല ഭൂരിപക്ഷത്തിന് 21 അംഗങ്ങളുടെ പിന്തുണ വേണമെന്നുള്ളതുകൊണ്ട് എം.ജി.പിയുടേയും ജി.എഫ്.പിയുടേയും മൂന്ന് അംഗങ്ങളേയും മൂന്ന് സ്വതന്ത്രരേയും കൂട്ടുപിടിച്ചാണ് ബി.ജെ.പി അധികാരത്തിലേറിയത്. മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറിയാല്‍ ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് എം.ജി.പി അധ്യക്ഷന്‍ ദീപക് ധവാലികര്‍ പറഞ്ഞു.
ജി.എഫ്.പി അധ്യക്ഷന്‍ വിജയ് സര്‍ദേശായിയും ഇതേ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം ഉടന്‍തന്നെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍ദേശായ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."