ഹജ്ജ് ക്യാംപ് ആലുവ മാറംപള്ളി എം.ഇ.എസ് കോളജില്‍ ഒരുക്കും
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ആലുവ മാറംപള്ളി എം.ഇ.എസ് കോളജില്‍ ഒരുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം തീരുമാനിച്ചു.
ജൂലായ് 28 ന് ക്യാംപ് ആരംഭിക്കും. ജൂലായ് 29നാണ് ആദ്യ വിമാനം. എംബാര്‍ക്കേഷന്‍ പോയിന്റായി കരിപ്പൂരിന് ഈ വര്‍ഷവും അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണിത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മെയിന്റനന്‍സ് ഹാങറിലായിരുന്നു ക്യാംപ് നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം അവിടെ സൗകര്യമില്ലാത്തതിനാലാണ് ആലുവ എം.ഇ.എസ് കോളജിലേക്ക് മാറ്റിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. വിമാനത്താവളത്തിന് എട്ട് കിലോമീറ്റര്‍ അകലെയാണ് ക്യാംപ് നടത്തുക.
കരിപ്പൂര്‍ വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം വാസ്തവ വിരുദ്ധമാണെന്നും ചെയര്‍മാന്‍ പറഞ്ഞു. പല തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലും ഉന്നയിച്ച വിഷയമാണിത്. കേരളം ആവശ്യപ്പെട്ട ഒന്‍പത് കാര്യങ്ങളില്‍ ഒന്നാമത്തേത് കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റാക്കണമെന്നായിരുന്നുവെന്ന് ചെയര്‍മാന്‍ പറഞ്ഞു.
അഞ്ചാം വര്‍ഷക്കാര്‍ ഒരുലക്ഷം പേരെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞത്. എന്നാല്‍ 9700 പേര്‍ മാത്രമാണുള്ളത്. അഞ്ചാം വര്‍ഷക്കാരെ ഇത്തവണ തന്നെ ഹജ്ജിന് കൊണ്ടുപോകണമെന്നും ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസികളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടാന്‍ ശ്രമിക്കും. നിലവില്‍ ഏപ്രില്‍ 15നകം പാസ്‌പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം വന്നിട്ടുള്ളത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ആദ്യ വിമാനത്തില്‍ പ്രവാസികളെയായിരിക്കും പരിഗണിക്കുക.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഉംറ ചെയ്തവര്‍ക്ക് 2,000 റിയാല്‍ അധികം നല്‍കണമെന്ന സൗദി സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടും. ഇതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തും.
ഇന്ത്യക്ക് അനുവദിച്ച ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് വീതിക്കാതെ രാജ്യത്തെ മുഴുവന്‍ അപേക്ഷകരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ.എ.കെ. അബ്ദുല്‍ ഹമീദ്, എ.കെ. അബ്ദുറഹ്മാന്‍, എസ്.നാസറുദ്ദീന്‍, എം. അഹമ്മദ് മൂപ്പന്‍, പി.പി. അബ്ദുറഹ്മാന്‍, മുഹമ്മദ് ബാബു സേട്ട്, ശരീഫ് മണിയാട്ടുകുട്ടി,ഡോ.ഇ.കെ. അഹമ്മദ് കുട്ടി, അസി.സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."