കെ.സുധാകരന്‍ നിരാഹാര സമരം അവസാനിപ്പിച്ചു
കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ. സുധാകരന്‍ 9 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരപ്പന്തലിലെത്തി നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്കു വിടാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ അതിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ യു.ഡി.എഫ് നേതൃയോഗം ഇന്നലെ തീരുമാനിച്ചിരുന്നു. കേസില്‍ രാഷ്ട്രീയ നിയമ പോരാട്ടം തുടരുമെന്ന് സുധാകരന്‍ പറഞ്ഞു.
കേസില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി തന്നെ സഭയില്‍ വ്യക്തമാക്കുകയും തുടര്‍ സമരങ്ങള്‍ യു.ഡി.എഫ് ഏറ്റെടുക്കുകയും ചെയ്തതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ കെ.സുധാകരനോട് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടത്.
കണ്ണൂര്‍ കളക്ട്രേറ്റിനു മുന്‍പില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ആരംഭിച്ച സമരം പിന്നീട് അനിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു. ശുഹൈബ് വധത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെ സമരം നീണ്ടുപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."