കോളജ് ഗെയിംസ് 2018ന് നാളെ തുടക്കം
കോഴിക്കോട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള കോളജ് ഗെയിംസിന് നാളെ കോഴിക്കോട്ട് തുടക്കമാകും. മൂന്നിന് അവസാനിക്കും.
222 കോളജുകളില്‍ നിന്നായി 2600 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന സ്പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അത്ലറ്റിക്സ്, ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, ഫുട്ബോള്‍, ഖോ-ഖോ, ജൂഡോ ഇനങ്ങളിലാണ് മത്സരം. അത്ലറ്റിക്സ് പോരാട്ടങ്ങള്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലും ബാസ്ക്കറ്റ്ബോള്‍ ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂള്‍ ഗ്രൗണ്ട്, സെന്റ് ജോസഫ്സ് കോളജ് ദേവഗിരി എന്നിവിടങ്ങളിലും വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഷട്ടില്‍ എസ്റ്റാര്‍ഡിയോ മലാപ്പറമ്പിലും ഫുട്ബോള്‍ കോര്പറേഷന് സ്റ്റേഡിയം, ദേവഗിരി കോളജ്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും ഖോ-ഖോ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലും ജൂഡോ കണ്ടംകുളം ജൂബിലി ഹാളിലും നടക്കും.
വ്യക്തിഗത ഇനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു യഥാക്രമം 2000, 1500, 1000 രൂപ വീതം കാഷ് അവാര്‍ഡും മെഡലും നല്‍കും. ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടുന്ന കോളജിന് ആണ്‍കുട്ടികളുടെയും പെണ്കുട്ടികളുടെയൂം വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപ വീതം കാഷ് അവാര്‍ഡ് സമ്മാനിക്കും.
ഗെയിംസില്‍ ഓരോ ഇനത്തിലും വിജയികളാവുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായ കോളജുകള്‍ക്ക് യഥാക്രമം 15000, 10,000, 7500 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നാളെ രാവിലെ എട്ടിന് ടി.പി ദാസന് പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും.
രണ്ടിന് രാവിലെ എട്ടരയ്ക്ക് കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി മൊയ്തീന് ഉദ്ഘാടനം നിര്‍വഹിക്കും.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.ജെ മത്തായി, കണ്‍വീനര്‍ പ്രേമന് തറവട്ടത്ത്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എം.ആര് രഞ്ജിത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."