അന്താരാഷ്ട്ര ജീവകാരുണ്യ സമ്മേളനത്തിനു തുടക്കം
ജിദ്ദ: ദ്വിദിന അന്താരാഷ്ട്ര ജീവകാരുണ്യ സമ്മേളനം റിയാദില്‍ ആരംഭിച്ചു. സമ്മേളനം ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു.
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്റ് റിലീഫ് സെന്ററാണ് പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിനു വേദി ഒരുക്കിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനാണ് ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ ഫോറം സംഘടിപ്പിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള ഇലക്ട്രോണിക് സര്‍വീസ് 'സഊദി എയ്ഡ് പ്ലാറ്റ് ഫോം' ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു.
ജിസിസി രാഷ്ട്രങ്ങളില്‍ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. സഊദി അറേബ്യ അന്താരാഷ്ട്ര രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ ആന്റ് റിലീഫ് സെന്റര്‍ മേധാവിയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അല്‍ റബീഅ് വിശദീകരിച്ചു.
40 രാജ്യങ്ങളില്‍ 300 പദ്ധതികളാണ് സഊദി അറേബ്യ നടപ്പിലാക്കുന്നത്. നിര്‍ധനര്‍ക്കും ദുരിതം നേരിടുന്നവര്‍ക്കും സാന്ത്വനം നല്‍കുന്നതിന് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമാണെന്നും ഡോ. റബീഅ് പറഞ്ഞു.
യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് വീഡിയോ സന്ദേശത്തിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുദ്ധ ഭൂമിയില്‍ ദുരിതം അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരെ സഹായിക്കുന്നതിനുളള വെല്ലുവിളികള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."