സംസ്ഥാന സീഡ് കോര്‍പറേഷനില്‍ നിന്ന് വിത്ത് വാങ്ങാത്തവര്‍ക്ക് സബ്‌സിഡിയില്ല
സ്വന്തം ലേഖകന്‍
ആലപ്പുഴ: നല്ല വിത്തുവിതച്ച് വിളവുകൊയ്യാമെന്ന കര്‍ഷകരുടെ മോഹത്തിന് മേലെ കൃഷിവകുപ്പിന്റെ ഇരുട്ടടി. സംസ്ഥാന സീഡ് കോര്‍പറേഷനില്‍ നിന്നു നെല്‍വിത്ത് വാങ്ങാത്ത കര്‍ഷകര്‍ക്ക് വിത്ത് സബ്‌സിഡി നല്‍കില്ലെന്ന കൃഷിവകുപ്പിന്റെ ഉത്തരവാണു തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് നടപ്പാക്കിയ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി കര്‍ഷകസംഘടനകള്‍ രംഗത്തെത്തി. നല്ല നെല്‍വിത്ത് തെരഞ്ഞെടുക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതിലൂടെ കൃഷിവകുപ്പ് നടത്തുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
നാഷണല്‍ സീഡ് കോര്‍പറേഷന്‍, കര്‍ണാടക സീഡ് കോര്‍പറേഷന്‍, സംസ്ഥാന സീഡ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണു കര്‍ഷകര്‍ നെല്‍വിത്ത് വാങ്ങിയിരുന്നത്. എന്നാല്‍, കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന സീഡ് കോര്‍പറേഷനില്‍ നിന്ന് വിത്ത് വാങ്ങുന്നവര്‍ക്കു മാത്രമേ ഇനി വിത്ത് സബ്‌സിഡി നല്‍കൂ എന്നാണു കര്‍ഷകര്‍ക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. രണ്ടാംകൃഷി ഇറക്കാന്‍ ആവശ്യമായ വിത്തിനുള്ള ഓര്‍ഡര്‍ പാടശേഖര സമിതികള്‍ നാഷണല്‍ സീഡ് കോര്‍പറേഷനിലും കര്‍ണാടക സീഡ് കോര്‍പറേഷനിലും നല്‍കിയിരുന്നു. ഇതിനുശേഷമാണു കൃഷിവകുപ്പ് സബ്‌സിഡി റദ്ദാക്കിയുള്ള ഉത്തരവിറക്കിയത്. നല്ല വിത്ത് വാങ്ങാനുള്ള കര്‍ഷകരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് കൃഷിവകുപ്പിന്റെ പുതിയ ഉത്തരവെന്നു കര്‍ഷകസംഘടനകള്‍ ആരോപിച്ചു.
സംസ്ഥാന സീഡ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന വിത്തിന് ഗുണനിലവാരമില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കൃഷിവകുപ്പിന്റെ വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."