കോള്‍പ്പാടങ്ങളില്‍ കാറ്റാടിയന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കേന്ദ്ര പദ്ധതി
പൊന്നാനി: മലപ്പുറം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ തീരദേശ മേഖലകളിലെ കോള്‍പ്പാടങ്ങളില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനു കാറ്റാടിയന്ത്രം(വിന്‍ഡ് മില്‍) സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വന്‍ഷനല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്‌നോളജി(അനര്‍ട്ട്)ക്കാണ് ചുമതല. ചെന്നൈയിലെ സെന്റര്‍ഫോര്‍ വിന്‍ഡ് ടെക്‌നോളജി നേതൃത്വം നല്‍കും.
ഈ മേഖലയിലെ കാറ്റിന്റെ വേഗം കണക്കാക്കി ഇതിന്റെയടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ വിന്‍ഡ്മില്‍ സ്ഥാപിക്കാനാവൂ.
സംസ്ഥാനത്ത് എവിടെയൊക്കെ കാറ്റ് ശക്തമായി ലഭിക്കുമെന്ന് അനര്‍ട്ട് പരിശോധിക്കുന്നുണ്ട്. മലപ്പുറം, തൃശൂര്‍, എറണാകുളം തീരമേഖലകളിലെ കോള്‍പ്പാടത്ത് 80 മീറ്റര്‍ ഉയരത്തില്‍ (25 നില കെട്ടിടത്തിന്റെ ഉയരം) കാറ്റിന്റെ വേഗം അളക്കുന്നതിന് ഉപകരണം സ്ഥാപിക്കണം.
ഒരു വര്‍ഷം കാറ്റിന്റെ വേഗം അളക്കും. ഇതിനായി തൂണുകള്‍ സ്ഥാപിക്കാന്‍ ഒരേക്കറോളം സ്ഥലം കണ്ടെത്തേണ്ടതുണ്ട്.
കാറ്റിനു മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗമുണ്ടെങ്കില്‍ വിന്‍ഡ്മില്‍ സ്ഥാപിക്കാന്‍ അനുമതി ലഭിക്കും. ഒരു വിന്‍ഡ്മില്‍ സ്ഥാപിക്കാന്‍ ആറു സെന്റ് സ്ഥലം മതിയാകും. കോള്‍പ്പാടത്തിന്റെ കരകളിലായിരിക്കും ഇതു സ്ഥാപിക്കുക. സ്ഥലഉടമകള്‍ കമ്പനികള്‍ക്കു സ്ഥലം വിലയ്‌ക്കോ വാടകയ്‌ക്കോ നല്‍കണം. ഇതിലെ വൈദ്യുതിയില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഭൂഉടമകള്‍ക്കും ലഭിക്കും. വേണമെങ്കില്‍ അവര്‍ക്കു സ്വന്തമായി വിന്‍ഡ്മില്‍ സ്ഥാപിക്കാം. ഒരു വിന്‍ഡ് മില്ലിനു കുറഞ്ഞതു നാലുകോടി രൂപ ചെലവുവരും.
മലപ്പുറം, തൃശൂര്‍ ജില്ലകളിലായി പൊന്നാനി കോള്‍മേഖലയെയാണു പ്രധാനമായും പരിഗണിക്കുക. സെപ്റ്റംബര്‍വരെ നന്നായി കാറ്റുള്ള മേഖലയാണിത്.
100 മീറ്റര്‍ ഉയരത്തിലാണ് വിന്‍ഡ്മില്‍ സ്ഥാപിക്കുക. 750 കിലോവാട്ട് ശേഷിയുള്ളതാണു നിലവില്‍ സംസ്ഥാനത്തുള്ള വിന്‍ഡ്മില്ലുകള്‍.
സംസ്ഥാനത്ത് നിലവില്‍ ഇടുക്കി, അഗളി, കഞ്ചിക്കോട് എന്നിവിടങ്ങളിലാണ് കാറ്റാടിയന്ത്രങ്ങള്‍ ഉള്ളത്. 34 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ 10,000 മെഗാവാട്ടിനുമേല്‍ വൈദ്യുതി ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."