മലയാറ്റൂരില്‍ കപ്യാരുടെ കുത്തേറ്റ് വൈദികന്‍ മരിച്ചു
കാലടി: മലയാറ്റൂര്‍ കുരിശുമുടിയില്‍ കപ്യാരുടെ കുത്തേറ്റ് വൈദികന്‍ മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 49 വയസായിരുന്നു. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ മലയാറ്റൂര്‍ വട്ടപ്പറമ്പ് ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് കപ്യാര്‍ക്കെതിരേ ഫാ. സേവ്യര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.ഇതു കാരണം ജോണിക്ക് വൈദികനോട് വ്യക്തിവൈരാഗ്യം ഉണ്ടായെന്നാണ് സൂചന.
മലമുകളില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. വലത് തുടയിടുക്കില്‍ കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചത്. സ്ഥിരം മദ്യപിക്കുന്ന ജോണിയെ ശുശ്രൂഷക്കു യോഗ്യനല്ലെന്ന് പറഞ്ഞ് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
മലയാറ്റൂര്‍ പെരുന്നാളിനോട് അനുബന്ധിച്ച് ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോണി വൈദികനെ സമീപിച്ചത്.
എന്നാല്‍ ജോലിയില്‍ തിരികെ എടുക്കാന്‍ സാധിക്കില്ലെന്ന് വൈദികന്‍ അറിയിക്കുകയും ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ജോണി വൈദികനെ കുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
പരുക്കേറ്റ ഫാ. സേവ്യറിനെ കൂടെ ഉണ്ടായിരുന്നവര്‍ മലമുകളില്‍ നിന്ന് താഴെ എത്തിച്ച് ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ തേലക്കാട്ട് പൗലോസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷാജു, മനോജ്, ലിസി,മോളി, ഹെലേന, റോസസ്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് പൊതു ദര്‍ശനത്തിന് വയ്ക്കും. ആലുവ റൂറല്‍ എസ്.പി ഏവി ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസ് സംഘം ജോണിക്കായി വനത്തില്‍ തിരച്ചില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."