'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സംസ്ഥാന പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. ആര്‍.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച ഔദ്യോഗിക ജോലിയുടെ ഭാഗമായിരുന്നില്ലെന്നും സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാഷ്ട്രപതിയുടെ മെഡല്‍ കിട്ടാനും സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനക്കയറ്റത്തിനുമാണ് കൂടിക്കാഴ്ചയെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇതിനുള്ള തെളിവുകള്‍ ലഭിച്ചില്ല. ഉദ്ദേശ്യം അതല്ലെന്നതിനും തെളിവില്ല. മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്റെ സബ് മിഷന്റെ മറുപടിയിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് പരസ്യമാക്കിയത്. ദത്താത്രേയ ഹൊസബാളെയും രാം മാധവിനെയും കണ്ടത് സ്വകാര്യ സൗഹൃദസന്ദര്‍ശനത്തിന്റെ ഭാഗമായാണെന്നാണ് എ.ഡി.ജി.പിയുടെ വിശദീകരണം. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്ന പോലെയാണിതെന്നാണ് നിലപാട്. ഈ വിശദീകരണം തള്ളിയാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യവാഹനത്തില്‍ പോയത് എന്തിനാണെന്നാണ് റിപ്പോര്‍ട്ടിലെ സംശയം. അടച്ചിട്ടമുറിയിലുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സാക്ഷികളില്ല. കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."