ആറ്റുകാല്‍ പൊങ്കാല: ഭക്തിയുടെ നിറവില്‍ നഗരം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തലസ്ഥാന നഗരം ഭക്തിയുടെ നിറവിലായി. നഗരത്തിലെ ഓരോ ഇടറോഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊങ്കാലക്കായി ഭക്തജനങ്ങള്‍ ഇടംപിടിച്ചുകഴിഞ്ഞു.
കഴിഞ്ഞ ദിവസം മുതല്‍തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകള്‍ തലസ്ഥാനത്തേക്ക് എത്തിതുടങ്ങിയിരുന്നു. ഇന്നലെതന്നെ ആറ്റുകാല്‍ ക്ഷേത്രവും പരിസരവും പൊങ്കാലക്കെത്തിയ സ്ത്രീകളെകൊണ്ട് നിറഞ്ഞുകവിഞ്ഞു.
പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ എല്ലായിടത്തും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളുടേയും ഭക്തരുടേയും നേതൃത്വത്തില്‍ ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യാനായി പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമാത്രമല്ല, വിദേശരാജ്യങ്ങളില്‍നിന്നുപോലും പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാന്‍ വനിതകളെത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ പൊങ്കാലയിടാനുള്ള സൗകര്യം സഹിതം വിവിധ ഓഫറുകളിലൂടെ വിദൂരദേശങ്ങളില്‍നിന്നുള്ള ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. ആറ്റുകാല്‍ മുതല്‍ കിഴക്കേക്കോട്ട വരെയുള്ള പ്രധാന വീഥികളും ഇടവഴികളും ചൊവ്വാഴ്ച രാത്രിയോടെ സ്ത്രീകള്‍ കൈയടക്കി. നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് ബുധനാഴ്ച രാവിലെതന്നെ കൂട്ടമായെത്തിയ സ്ത്രീകളുടെ വാഹനങ്ങള്‍ നഗരത്തില്‍ പലയിടത്തും ഗതാഗതം സ്തംഭിപ്പിച്ചു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയുമുണ്ടായി.
പലയിടങ്ങളിലും പുരുഷന്മാര്‍ മുന്‍കൂട്ടിയെത്തി ഇടംപിടിക്കുന്നതും ദൃശ്യമായി. ഗുജറാത്ത്, തമിഴ്‌നാട് എന്നിങ്ങനെ സംസ്ഥാനാടിസ്ഥാനത്തില്‍ ബോര്‍ഡ്‌വച്ച് ഇടംപിടിച്ചതും കൗതുകമായി. അതത് സ്ഥാപനങ്ങള്‍ക്കുമുന്‍പില്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുംവേണ്ടി സ്ഥലം ബുക്ക് ചെയ്തിരുന്നു. വിരളം സ്ഥലങ്ങളില്‍ കച്ചവടം മറച്ച സ്ത്രീകളുമായി വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. എന്നാല്‍ ഭൂരിഭാഗം ഇടങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ നഗരനിവാസികള്‍ വീടും സ്ഥാപനങ്ങളും സ്ത്രീകള്‍ക്ക് താമസിക്കാന്‍ തുറന്നുകൊടുത്ത് മാതൃകയായി.
പൊങ്കാലയോടനുബന്ധിച്ച് വഴിയോരക്കച്ചവടക്കാര്‍ക്കും വ്യാപാരം പൊടിപൊടിക്കുകയാണ്. മണ്‍കലം, ഇഷ്ടിക, വിറക്, ശര്‍ക്കര തുടങ്ങിയ പൊങ്കാല സാധനങ്ങളുടെ വില്‍പന ദിവസങ്ങള്‍ക്കുമുന്‍േപ ആരംഭിച്ചിരുന്നു.
ഉത്സവത്തിന്റെ പ്രധാനവിഭവങ്ങളായ പലഹാരങ്ങളുണ്ടാക്കാന്‍ ആവശ്യമായ വാഴ, ഇടന ഇലകളും വ്യാപകമായി വില്‍ക്കുന്നു. നഗരം പൊങ്കാലത്തിരക്കില്‍ മുഴുകിയതോടെ കുട്ട, വട്ടി, തവി തുടങ്ങി വിവിധങ്ങളായ ഉല്‍പന്നങ്ങള്‍ വില്‍ക്കാനെത്തിയവരും നഗരത്തിലേക്കൊഴുകിയെത്തി.
ആറ്റുകാല്‍ ക്ഷേത്രപരിസരത്തും താല്‍ക്കാലിക കടകളില്‍ തുണിത്തരങ്ങളുടെയും മറ്റും വില്‍പന തകൃതിയായി നടക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കി പൂര്‍ണമായും ഹരിതചട്ടം പിന്തുടര്‍ന്ന് നടത്തുന്ന പൊങ്കാലയില്‍ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പന നഗരസഭയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. 'ഏതെടുത്താലും പത്തുരൂപ' എന്ന ബോര്‍ഡുകള്‍ നിരത്തി വിലകുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളും ഇതരവസ്തുക്കളും വില്‍ക്കുന്ന കടകള്‍ ഉത്സവമേഖലയിലും മറ്റ് ഭാഗങ്ങളിലും നിരവധിയാണ്. സമീപദിനങ്ങളില്‍ വന്‍തോതില്‍ പ്രവര്‍ത്തനമാരംഭിച്ച ഭക്ഷ്യസ്റ്റാളുകളില്‍ കര്‍ശനപരിശോധന നടത്തി ഭക്ഷ്യസുരക്ഷാവിഭാഗവും കര്‍മനിരതരാണ്. കഴിഞ്ഞ രണ്ടുദിവസമായി അമ്മയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിയത്. തമ്പാനൂര്‍ മുതല്‍ ആറ്റുകാലും സമീപപ്രദേശങ്ങളിലെ എല്ലാ റോഡുകളിലും പൊങ്കാലയിടാനുള്ള ഇഷ്ടികകള്‍ നിരന്നുകഴിഞ്ഞു.
ഉത്സവാഘോഷങ്ങളുടെ ഭാഗമായി പ്രദേശമാകെ കമാനങ്ങളും വര്‍ണവിളക്കുകളും നിരന്നു. പൊങ്കാല പ്രദേശങ്ങളിലെല്ലാം നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയാക്കി. ഭക്തര്‍ക്കായി കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളുമെല്ലാം പ്രത്യേക സര്‍വിസ് ആരംഭിച്ചിട്ടുണ്ട്.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി ഉച്ചതിരിഞ്ഞും പ്രത്യേക സര്‍വിസുകള്‍ നടത്തും. ഭക്തര്‍ക്കായി റെയില്‍വേയും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്്. പൊങ്കാലയര്‍പ്പിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സംഘടനകളും ക്ലബുകളുമൊക്കെ തയാറാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ തിയേറ്ററുകളുടെയും കോളജുകളുടേയും സാംസ്‌കാരിക കേന്ദ്രങ്ങളുടേയും കോംപൗണ്ടുകള്‍ പാര്‍ക്കിങിനായി ജില്ലാ ഭരണകൂടം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി നഗരത്തില്‍ 4500 പൊലിസിനെ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ ദ്രുതകര്‍മസേന, കമാന്‍ഡോ വിഭാഗം, ദുരന്ത നിവാരണ സേനയും പ്രത്യേക സുരക്ഷയുടെ ഭാഗമായി ഡി.എഫ്.എം.ഡി, എച്ച്.എച്ച്.എം.റ്റി, സ്‌നിഫര്‍ ഡോഗ്, ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നഗരത്തില്‍ നൂറിലധികം നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തലസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൊങ്കാലയുടെ ഇഷ്ടികകള്‍ കൊണ്ട് ബ്രിക് ഇന്‍സ്റ്റലേഷന്‍ തയാറാക്കും
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം ഭക്തര്‍ ഉപേക്ഷിക്കുന്ന പൊങ്കാല അടുപ്പിന്റെ ഇഷ്ടികകള്‍ കൊണ്ട് ബ്രിക് ഇന്‍സ്റ്റലേഷന്‍ തയാറാക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐ.ഐ.എ) തിരുവനന്തപുരം സെന്ററാണ് ഇന്‍സ്റ്റലേഷന്‍ തയാറാക്കുന്നത്.
ലാറി ബെക്കറിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് നഗരസഭയുടെ സഹകരണത്തോടെ മാര്‍ച്ച് മൂന്നു മുതല്‍ ആറുവരെ ബിയോണ്ട് ബ്രിക്‌സ് എന്ന പേരില്‍ ബ്രിക് ഇന്‍സ്റ്റലേഷന്‍ സംഘടിപ്പിക്കുന്നത്. അഞ്ഞൂറോളം ആര്‍ക്കിടെക്റ്റുകള്‍ ചേര്‍ന്ന് ഒന്നര ലക്ഷത്തോളം ഇഷ്ടികകള്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റലേഷന്‍ തയാറാക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ക്കിടെക്റ്റായ സൈജു മുഹമ്മദ് ബഷീര്‍, കെ.ബി ജയകൃഷ്ണന്‍, ഷിബു അബുസാലി, ഗംഗ ദിലീപ്, മനു മുരളീധരന്‍, എസ്. സനൂജ് പങ്കെടുത്തു.
ഇന്ന് അവധി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."