തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: നോട്ടിസ് പിന്‍വലിച്ചു
കൊച്ചി : മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നിലം നികത്തിയെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്‍കിയ രണ്ട് നോട്ടിസുകള്‍ ഹൈക്കോടതി റദ്ദാക്കി. തെറ്റായ സര്‍വേ നമ്പരുകളും ബ്ലോക്ക് നമ്പരുകളും രേഖപ്പെടുത്തി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്ക് നോട്ടിസ് നല്‍കിയ ജില്ലാ കലക്ടറെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
മനസ്സിരുത്താതെയും രേഖകള്‍ പരിശോധിക്കാതെയുമാണ് നോട്ടിസ് നല്‍കിയതെന്ന് വ്യക്തമാണ്. ഇതൊരു ക്ലറിക്കല്‍ പിഴവാകാന്‍ ഇടയില്ല. കലക്ടറുടെ പദവിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. കലക്ടറുടെ കസേരയിലിരുന്ന് നഴ്‌സറി വിദ്യാര്‍ഥിയെപ്പോലെയാണോ പെരുമാറുന്നതെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. കമ്പനിയധികൃതര്‍ ഹാജരാകാന്‍ നല്‍കിയ നോട്ടിസിലെ സര്‍വേ നമ്പരുകളും ബ്ലോക്ക് നമ്പരുകളും തെറ്റാണെന്ന് കാണിച്ച് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
നിലം നികത്തലുമായി ബന്ധപ്പെട്ട് വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി അധികൃതര്‍ ഫെബ്രുവരി 23ന് നേരിട്ട് ഹാജരാകാന്‍ ജില്ലാ കലക്ടര്‍ നോട്ടിസ് നല്‍കി. എന്നാല്‍ ഇതില്‍ പറയുന്ന സര്‍വേ നമ്പരുകളിലും ബ്ലോക്ക് നമ്പരുകളിലുമുള്ള ഭൂമി തങ്ങളുടേതല്ലെന്നും നോട്ടിസില്‍ തെറ്റുണ്ടെന്നും ചൂണ്ടിക്കാട്ടി കമ്പനി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഫെബ്രുവരി 21 ന് ഹൈക്കോടതി നോട്ടിസിലെ തുടര്‍നടപടികള്‍ മാര്‍ച്ച് രണ്ടു വരെ സ്റ്റേ ചെയ്തു.
ഫെബ്രുവരി 21 ന് തന്നെ തെറ്റുകള്‍ തിരുത്തി മറ്റൊരു നോട്ടിസ് കൂടി കലക്ടര്‍ നല്‍കി. എന്നാല്‍ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഇതിലും തുടര്‍നടപടി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. സര്‍വേ നമ്പരുകളില്‍ തെറ്റു വന്നത് ക്ലറിക്കല്‍ പിഴവാണെന്ന് വിശദീകരിച്ച് കലക്ടര്‍ ടി.വി അനുപമ സ്റ്റേറ്റ്‌മെന്റ് നല്‍കി. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയ ആദ്യ നോട്ടിസ് റദ്ദാക്കാമെന്നും പുതുക്കി നല്‍കിയ നോട്ടിസ് പിന്‍വലിച്ച് കമ്പനിക്ക് മതിയായ സമയം നല്‍കി പുതിയ നോട്ടിസ് നല്‍കാമെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."