ബുര്‍ക്കിനോ ഫാസോയില്‍ എംബസിയിലും സൈനിക ആസ്ഥാനത്തും വെടിവയ്പ്
ഒവാഗദൗഗോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ നയതന്ത്രകാര്യാലയങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം. തലസ്ഥാനമായ ഒവാഗദൗഗോയിലെ സൈനിക ആസ്ഥാനത്തും ഫ്രഞ്ച് എംബസിയിലുമാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഏഴു ഭീകരര്‍ കൊല്ലപ്പെട്ടതായി ബുര്‍കിനോ ഫാസോ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഫ്രഞ്ച് എംബസിക്കു മുന്നില്‍ കാറില്‍നിന്ന് ആയുധവുമായിറങ്ങിയ ഭീകരര്‍ മുന്നില്‍ കണ്ടവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. എംബസിയിലേക്ക് കയറാന്‍ ശ്രമിച്ച സംഘത്തെ ഇവിടത്തെ സുരക്ഷാജീവനക്കാര്‍ കീഴടക്കുകയും വകവരുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യേക ദൗത്യസേനയും നടപടിയില്‍ പങ്കുകൊണ്ടു. എംബസിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഫ്രഞ്ച് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.
സാധാരണ വേഷത്തിലെത്തിയ സംഘത്തിന്റെ കൈയില്‍ കലാഷ്‌നിക്കോവ് തോക്കുകളുമുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആദ്യം എംബസിയുടെ കിഴക്ക് ഭാഗത്തിലൂടെ പ്രവേശിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് പടിഞ്ഞാറു വശത്തെ കവാടം വഴി അകത്തു കടക്കാനുള്ള നീക്കത്തിനിടെയാണ് പൊലിസ് സംഘത്തെ കീഴടക്കിയത്.
അടുത്തടുത്തായാണ് ഫ്രഞ്ച് എംബസിയും ബുര്‍ക്കിനോ ഫാസോ സൈനിക ആസ്ഥാനവും സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഒരു കി.മീറ്ററിന്റെ ദൂരം മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."