കിഴക്കന്‍ ഗൗഥയിലെ രണ്ട് ഗ്രാമങ്ങള്‍ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു
ദമസ്‌കസ്: കിഴക്കന്‍ ഗൗഥയില്‍ വിമതകേന്ദ്രങ്ങള്‍ സിറിയന്‍ സേന കീഴടക്കിയതായി റിപ്പോര്‍ട്ട്. സിറിയന്‍ അനുകൂല സേനാ കമാന്‍ഡറാണ് ഇക്കാര്യം അറിയിച്ചത്. ഗൗഥയിലെ മറാജ് മേഖലയിലുള്ള രണ്ട് ഗ്രാമങ്ങളാണ് സര്‍ക്കാര്‍ സൈന്യവും സര്‍ക്കാരിനെ അനുകൂലിക്കുന്ന ടൈഗര്‍ ഫോഴ്‌സ് എന്ന സംഘവും ചേര്‍ന്ന് കീഴടക്കിയത്. അതിനിടെ 12 ദിവസം പിന്നിടുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 674 ആയതായി സിറിയന്‍ സന്നദ്ധ സംഘം അറിയിച്ചു.
മറാജിലെ ഹൗഷ് ദവാറ, ഹൗഷ് സറൈക എന്നീ ഗ്രാമങ്ങളാണ് സൈന്യം തിരിച്ചുപിടിച്ചത്. ഇതിനു സമീപത്തെ കാര്‍ഷികനിലങ്ങളും പര്‍വതമേഖലകളും സൈന്യം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിമതസംഘങ്ങള്‍ ആരും പ്രതികരിച്ചിട്ടില്ല. ഹരാസ്ത മേഖലയിലും സൈന്യം കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ഏതാനും കെട്ടിടങ്ങള്‍ സേന നിയന്ത്രണത്തിലാക്കി.
സിറിയയില്‍ വൈറ്റ് ഹെല്‍മെറ്റ്‌സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ സിവില്‍ ഡിഫന്‍സ് ആണ് മരണസംഖ്യ പുറത്തുവിട്ടത്.
യു.എന്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കിയതിനു ശേഷം മാത്രം 103 പേര്‍ കൊല്ലപ്പെട്ടതായാണു വിവരം. ഇതില്‍ 22 പേര്‍ കുട്ടികളും 43 പേര്‍ സ്ത്രീകളുമാണ്. ആകെ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 200നടുത്തെത്തിയിട്ടുണ്ട്.
അതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രഞ്ച്, ജര്‍മന്‍ നേതാക്കളെ വിളിച്ച് സിറിയന്‍ വിഷയം ചര്‍ച്ച ചെയ്തു.
യു.എന്‍ പാസാക്കിയ വെടിനിര്‍ത്തല്‍ പ്രമേയം നടപ്പാക്കാനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തീരുമാനിച്ചു. പ്രമേയം അംഗീകരിക്കാന്‍ സിറിയയില്‍ സമ്മര്‍ദം ചെലുത്തണമെന്ന് റഷ്യയോട് ഇരുനേതാക്കളും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."