HOME
DETAILS

അതിജീവനം: മുസ്‌ലിം രാഷ്ട്രീയത്തിലെ നിത്യസമസ്യ

  
backup
March 02 2018 | 20:03 PM

articleislampolitics


ചരിത്രകാരനായ അര്‍ണോള്‍ഡ് ടോയന്‍ബി 'എ സ്റ്റഡി ഒഫ് ഹിസ്റ്ററി' എന്ന കൃതിയില്‍ ഇരുപത്തിമൂന്നു നാഗരികതകളെ പഠനവിധേയമാക്കിയശേഷം ഇങ്ങനെ കണ്ടെത്തുന്നുണ്ട്; 'ഒരു നാഗരികത വളര്‍ച്ച പ്രാപിക്കുന്നത് അത് നേരിടുന്ന വെല്ലുവിളികളെ ക്രിയാത്മകമായി നേരിടുമ്പോഴാണ്. വെല്ലുവിളികള്‍ അതിജീവനത്തിനോടൊപ്പം പുരോഗതിക്കുമുള്ള ഉത്തേജനമാണ്.'
ഇന്ത്യയിലെ മുസ്‌ലിംജനത 1857ലെ കലാപത്തിനു ശേഷവും 1947ലെ ഇന്ത്യാവിഭജനത്തിനു ശേഷവും സമാനമായ അതിജീവനഭീഷണി നേരിടുകയുണ്ടായി.ഫാസിസ്റ്റ്ശക്തികളുടെ ശീഘ്രഗതിയിലുള്ള അധികാരാരോഹണവും 2014ലെ അവരുടെ തെരഞ്ഞെടുപ്പു വിജയവും വീണ്ടും ഇതേ അസ്തിത്വഭീഷണി പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. 1857നു ശേഷവും 1947നു ശേഷവും വെല്ലുവിളി എങ്ങനെ നേരിടണമെന്ന ചര്‍ച്ച മുസ്‌ലിം ജനതയ്ക്കുള്ളില്‍ ഉടലെടുത്തിരുന്നു. രണ്ടു കാലഘട്ടങ്ങളിലുമുണ്ടായ ചര്‍ച്ചകള്‍ തമ്മില്‍ വിസ്മയാവഹമായ സാമ്യതയുണ്ടായിരുന്നു.
1857ലെ കലാപത്തോടെ മുഗള്‍ചക്രവര്‍ത്തി അധികാരഭ്രഷ്ടനാകുകയും നാശോന്മുഖമായ മുസ്‌ലിംആധിപത്യത്തിനു പൂര്‍ണവിരാമമാവുകയും ചെയ്തു. കലാപം മുസ്‌ലിംജനതയുടെ അതിജീവനം അപകടത്തിലാക്കി. ഈ ഘട്ടത്തിലാണ് അതിജീവനം എങ്ങനെയെന്ന ചോദ്യം മുസ്‌ലിംജനതയ്ക്കു മുന്‍പില്‍ ആവിര്‍ഭവിക്കുന്നത്. സര്‍ സയ്യിദ് അഹ്മദ് ഖാനും ബദറുദീന്‍ തയാബ്ജിയും പ്രതിനിധീകരിച്ച രണ്ടു ചിന്താധാരകള്‍ ഈ സമസ്യക്കു പൂരണം കണ്ടെത്താന്‍ ശ്രമിച്ചു.
സര്‍ സയ്യിദ് അഹ്മദ് ഖാന്‍ നേതൃത്വം നല്‍കിയ വിഭാഗം പ്രാരംഭദശയിലുള്ള ദേശീയപ്രസ്ഥാനം മുന്നോട്ടുവച്ച രാഷ്ട്രീയത്തോട് അകല്‍ച്ച കാണിക്കുകയും മുസ്‌ലിംജനതയുടെ വിദ്യാഭ്യാസ,സാംസ്‌കാരികോന്നമനത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു. 1857ലെ കലാപത്തിന്റെ നേതൃസ്ഥാനത്തു മുസ്‌ലിംകളായിരുന്നതിനാലും കലാപത്തിന്റെ ആഘാതത്തില്‍നിന്നു മുസ്‌ലിംജനത മുക്തമല്ലാതിരുന്നതിനാലും രാഷ്ട്രീയരംഗത്തു മുസ്‌ലിംകള്‍ സജീവമാകരുതെന്നായിരുന്നു ഈ പക്ഷത്തിന്റെ അഭിപ്രായം. ഇതേസമയം രാഷ്ട്രീയചിന്തയില്‍ മുസ്‌ലിംകള്‍ തനതു വ്യക്തിത്വം നിലനിര്‍ത്തുകയെന്ന ആശയം ഈ വിഭാഗം മുന്നോട്ടുവച്ചു. ഈ ആശയധാരയാണു പിന്നീട് ഓള്‍ ഇന്ത്യ മുസ്‌ലിംലീഗിന്റെ രൂപീകരണത്തിലേയ്ക്കും ദ്വിരാഷ്ട്രവാദത്തിലേയ്ക്കും നയിച്ചത്.
എന്നാല്‍, ബദറുദീന്‍ തയാബ്ജി നേതൃത്വം നല്‍കിയ പക്ഷം ദേശീയപ്രസ്ഥാനത്തിലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലും സജീവമായി പങ്കെടുത്തു. മതവിഭാഗീയതയ്ക്ക് അതീതമായി പൊതുരാഷ്ട്രീയപ്രശ്‌നങ്ങളില്‍ ഭൂരിപക്ഷവിഭാഗങ്ങളോടു സഹകരിക്കുകയെന്നതായിരുന്നു തയാബ്ജിയുടെ വീക്ഷണം. കോണ്‍ഗ്രസിന്റെ 1887 ലെ മദ്രാസ് സമ്മേളനത്തില്‍ അധ്യക്ഷനായ തയാബ്ജി ഇങ്ങനെ പറഞ്ഞു:
''ഇന്ത്യയിലെ ഓരോ സമുദായത്തിനും അവരുടേതായ ധാര്‍മികവും സാമൂഹികവും വിദ്യാഭ്യാസപരവും ഒരുപക്ഷേ, രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാപ്പെടാനായുണ്ടാകാം. എന്നാല്‍, മൊത്തം ഇന്ത്യയെ ബാധിക്കുന്ന രാഷ്ട്രീയപ്രശ്‌നങ്ങളില്‍ മുസ്‌ലിംകള്‍ മറ്റു മതവിഭാഗങ്ങളുമായി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.'
പാര്‍സിയായ ഫിറോസ് ഷാ മെഹ്തയും ബ്രാഹ്മണനായ കെ.ടി തലാങ്ങും തയാബ്ജിയും ചേര്‍ന്ന മൂന്നംഗ നേതൃത്വമാണു മുംബൈയില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു ബോംബെ പ്രസിഡന്‍സി അസോസിയേഷനിലൂടെ നേതൃത്വം നല്‍കിയത്. 'പൊതുലക്ഷ്യത്തിനായി സ്വരച്ചേര്‍ച്ചയോടെ പ്രവര്‍ത്തിക്കുന്ന മതവൈവിധ്യങ്ങളുമായി ഞങ്ങള്‍ സന്തോഷത്തോടെ ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു'എന്ന് തയാബ്ജി ഉദ്‌ഘോഷിച്ചു.
രാഷ്ട്രീയസമീപനത്തില്‍ അഭിപ്രായവ്യത്യാസം സൂക്ഷിച്ചപ്പോഴും ഈ രണ്ടു ധാരകളും മുസ്‌ലിംകളുടെ വിദ്യാഭ്യാസപുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ഇന്ത്യന്‍ നവോത്ഥാനം മുന്നോട്ടുവച്ച ആശയങ്ങളെ ഒരേ സ്വരത്തില്‍ ഉള്‍ക്കൊള്ളുകയും ചെയ്തുവെന്നത് എടുത്തുപറയേണ്ടതാണ്. സര്‍ സയ്യിദ് ഇതിനായി അലിഗഡ് പ്രസ്ഥാനവുമായി മുന്നോട്ടുപോയപ്പോള്‍ തയാബ്ജി മുംബൈയില്‍ ഇതേ ലക്ഷ്യത്തിനായി അഞ്ചുമാനെ ഇസ്‌ലാം സ്ഥാപിച്ചു .
1947ലെ നിര്‍ഭാഗ്യകരമായ ഇന്ത്യാവിഭജനത്തിനു ശേഷം മുസ്‌ലിംജനത, ഇന്ത്യയില്‍ തുടര്‍ന്നുജീവിക്കുന്നതിലുള്ള യുക്തിപോലും ചോദ്യം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ അതിജീവനത്തിന്റെ മാര്‍ഗമേതെന്ന ചോദ്യം വീണ്ടും മുസ്‌ലിം ജനതയ്ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു .എ.ജി നൂറാനി ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ മുസ്‌ലിംസമുദായത്തിലെ വ്യത്യസ്ത ആശയധാരകള്‍ ഈ സമസ്യയെ എങ്ങനെ സമീപിച്ചുവെന്നു പരിശോധിക്കുന്നുണ്ട്. (മുസ്‌ലിംസ് ടുഡേ,ഫ്രണ്ട് ലൈന്‍ ,2 മാര്‍ച്ച് 2018 ).
1947 സപ്തംബര്‍ 10നു മുസ്‌ലിംലീഗ് നേതാക്കളായ ഹുസൈന്‍ ഷാഹിദ് സുഹറവര്‍ദിയും ചൗധരി ഖാലിഖുസമാനും നടത്തിയ കത്തിടപാടിനെപ്പറ്റി നൂറാനി എഴുതുന്നുണ്ട്. (ഈ സമയത്ത് സുഹ്‌റവര്‍ദിയും ഖാലിഖുസമാനും പാകിസ്താനിലേയ്ക്കു കുടിയേറിയിരുന്നില്ല). മുസ്‌ലിംജനത അവരുടെ സാമുദായികസത്വം നിലനിര്‍ത്തി ഭൂരിപക്ഷസമുദായവുമായി മൈത്രി നിലനിര്‍ത്തുകയെന്ന പ്രതിവിധിയാണു സുഹ്‌റവര്‍ദി മുന്നോട്ടുവച്ചത്. ഈ തത്വത്തിലൂന്നി ഭാവിപരിപാടി ആസൂത്രണം ചെയ്യാന്‍ മുസ്‌ലിംനിയമസഭാംഗങ്ങളുടെ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
എന്നാല്‍, ബദറുദീന്‍ തയാബ്ജിയുടെ പിന്മുറക്കാരായ ദേശീയമുസ്‌ലിംകള്‍, മുസ്‌ലിംസ്വത്വത്തിലൂന്നിയ രാഷ്ട്രീയമെന്ന ആശയത്തെ നഖശിഖാന്തം എതിര്‍ത്തു. 1947 ഡിസംബര്‍ 27നു ലഖ്‌നൗവില്‍ നടന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം കോണ്‍ഫറന്‍സില്‍, മൗലാനാ അബുല്‍ കലാം ആസാദ് ആവശ്യപ്പെട്ടത് ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് അടക്കം എല്ലാ മുസ്‌ലിം സാമുദായിക സംഘടനകളും പിരിച്ചുവിടണമെന്നായിരുന്നു. ദേശീയപ്രസ്ഥാനത്തിന് ഉറച്ച പിന്തുണ നല്‍കിയ ദ്വിരാഷ്ട്ര വാദത്തെ എതിര്‍ത്ത സംഘടനയായിരുന്നു ജംഇയത്തുല്‍ ഉലമയെ ഹിന്ദ്.
മുസ്‌ലിം സംഘടനകള്‍ രാഷ്ട്രീയത്തില്‍ പങ്കെടുക്കാതെ സാമൂഹ്യ, സാംസ്‌കാരികരംഗങ്ങളില്‍ പ്രവര്‍ത്തനം ഒതുക്കിനിര്‍ത്തണമെന്നാണ് ആസാദ് നിര്‍ദേശിച്ചത്. ബദറുദീന്‍ തയാബ്ജി സ്വീകരിച്ച നിലപാടിന്റെ നേര്‍വിപരീത നയം! കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഒരു പ്രമേയം മുസ്‌ലിംകളോടു കോണ്‍ഗ്രസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രഗാത്രത്തില്‍ ആഴത്തില്‍ വേരൂന്നിയതോടെ അസ്തിത്വ ഭീഷണിയുടെ രാക്ഷസരൂപി ഇന്ത്യന്‍ മുസ്‌ലിം ജനതയുടെ മുന്നില്‍ വീണ്ടുമെത്തിയിരിക്കുകയാണ്. വിഭജനത്തിന്റെ കാര്‍മേഘം മൂടിയ സാഹചര്യത്തില്‍പ്പോലും 1952ലെ ആദ്യ ലോക്‌സഭയില്‍ മുസ്‌ലിം പ്രാതിനിധ്യം 25 (489) ആയിരുന്നു. 2014ല്‍ അതു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയായ 22,(543)ല്‍ എത്തിനില്‍ക്കുന്നു.
19.91 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയുടെ 311 എം.എല്‍.എ മാരില്‍ ഒറ്റ മുസ്‌ലിം പോലുമില്ല. ദേശീയരാഷ്ട്രീയത്തിലെ മുസ്‌ലിംകളുടെ പാര്‍ശ്വവല്‍ക്കരണത്തിന്റെ ദയനീയചിത്രം ഈ കണക്കുകള്‍ വെളിവാക്കുന്നു.
ഈ സാഹചര്യത്തില്‍ അതിജീവനമാര്‍ഗം എങ്ങനെയെന്ന ചോദ്യത്തെ നേരിടാനും ക്രിയാത്മകമായ ഉത്തരം കണ്ടെത്താനുമുള്ള ഗാഢമായ പര്യാലോചന കാലം ആവശ്യപ്പെടുന്നു.
ഈ സമസ്യക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മേല്‍സൂചിപ്പിച്ച ചരിത്രത്തിലെ സമാനമായ സംവാദങ്ങളില്‍നിന്നു യുക്തമായ വശങ്ങള്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
സര്‍ സയ്യിദ് നിര്‍ദേശിച്ചതുപോലെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ മുന്നേറാന്‍ സ്വന്തം വിഭവങ്ങളെ ഉപയോഗപ്പെടുത്തുക. ബദറുദീന്‍ തയാബ്ജിയെപ്പോലെ രാജ്യത്തെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ മറ്റു സമുദായങ്ങളുമായി സമരസപ്പെട്ടു പ്രവര്‍ത്തിക്കുക.
മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സാമുദായികാതീത സംഘടന രൂപീകരിക്കുകയെന്ന നിര്‍ദേശം 1947ലെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം കോണ്‍ഫറന്‍സ് മുന്നോട്ടുവയ്ക്കുകയുണ്ടായി. ഈ നിര്‍ദേശം നടപ്പായില്ല. അമേരിക്കയില്‍ കറുത്തവര്‍ഗക്കാരുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്ന വര്‍ഗാതീതസംഘടനയായ നാഷനല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളേഡ് പീപ്പിളിന്റെ മാതൃകയില്‍ എല്ലാ മത, സാമുദായിക വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു സംഘടന രൂപീകരിക്കുകയെന്ന നിര്‍ദേശമാണ് എ.ജിനൂറാനി മുന്നോട്ടുവയ്ക്കുന്നത്.
അമേരിക്കയില്‍ വംശീയ വിവേചനത്തിനെതിരേ വെളുത്തവരും കറുത്തവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതുപോലെ, മുസ്‌ലിംജനത ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഭാഗമാണെന്നും അവരുടെ സുസ്ഥിതിയും പങ്കാളിത്തവും നീതിപൂര്‍വമായ സമൂഹനിര്‍മിതിക്ക് അനിവാര്യമാണെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കണം ഈ സംഘടന.
അമേരിക്കന്‍ കവയിത്രിയും കറുത്തവര്‍ഗക്കാരുടെ അവകാശപോരാളിയുമായിരുന്ന മായാ ആംഗിളു പറയുകയുണ്ടായി: 'തുല്യ അവകാശങ്ങള്‍, സത്യസന്ധമായ ഇടപാട്, നീതി എന്നിവ ജീവവായുപോലെയാണ്; ഒന്നുകില്‍ നമ്മുക്കെല്ലാം അതാസ്വദിക്കാം, അല്ലെങ്കില്‍ ആര്‍ക്കും അതു ലഭിക്കുകയില്ല.' ജനസംഖ്യയുടെ 14.23 ശതമാനം വരുന്ന മുസ്‌ലിംജനതയുടെ സുസ്ഥിതി രാഷ്ട്രത്തിന്റെ സുസ്ഥിതിയുടെ മുന്നുപാധിയാണ്.
അതിനാല്‍ തന്നെ മുസ്‌ലിംജനതയുടെ അതിജീവനം എങ്ങനെയെന്നതു സമുദായാതീതമായ ദേശീയസംവാദത്തിനു വിഷയമാകേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago