സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ജാഗ്രതെ; അവധിയെടുത്ത് വിലസിയാല്‍ പിരിച്ചുവിടും
തിരുവനന്തപുരം: അവധിയെടുത്ത് വിദേശ സേവനം നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയുമായി സംസ്ഥാനസര്‍ക്കാര്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് അവധിയെടുത്ത് വിദേശത്ത് സേവനം നടത്തുന്നവര്‍ക്കെതിരേയാണ് നടപടി. പത്ത് വര്‍ഷം അനധികൃതമായി അവധിയെടുത്ത് വിദേശ സേവനം നടത്തുന്ന 46 ഡോക്ടര്‍മാരെ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ നീക്കം.
അവശ്യ സര്‍വിസായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല അവധി അനുവദിക്കാറില്ല. എന്നാല്‍ വ്യക്തിപരമായ ആവശ്യം കാണിച്ച് വിദേശത്തേക്ക് കടന്ന് അവിടെ ജോലി ചെയ്ത് പണം സമ്പാദിക്കുകയാണ് ഇവരില്‍ പലരും. ഇവര്‍ സര്‍വിസില്‍ തുടരുന്നതിനാല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനും റിക്രൂട്ട്‌മെന്റ് നടത്താനും കഴിയുന്നില്ല.
സംസ്ഥാനത്ത് ഇത്തരത്തില്‍ അവധിയെടുത്ത് വിദേശത്ത് സേവനം നടത്തുന്ന 57 ഡോക്ടര്‍മാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. സര്‍വിസില്‍ മടങ്ങിയെത്താന്‍ ഇവര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് 11 പേര്‍ സര്‍വിസില്‍ തിരികെയെത്തി. എന്നാല്‍ ബാക്കിയുള്ളവര്‍ വിദേശത്ത് പഠനത്തിലാണെന്നും മടങ്ങിയെത്തി സര്‍വിസില്‍ തുടരാമെന്നുമൊക്കെയായിരുന്നു സര്‍ക്കാരിന് മറുപടി നല്‍കിയത്.
ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണങ്ങള്‍ പലതും അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."