പുഴയെ ഇല്ലാതാക്കി വേണോ പാലം നിര്‍മാണം..?
തൃക്കരിപ്പൂര്‍: പുഴയുടെ ഒഴുക്കിനെ കാര്യമായി ബാധിക്കുന്ന തരത്തിലുള്ള പാലം നിര്‍മാണത്തിനെതിരേ ആക്ഷേപം. നിലവിലുള്ള രീതി പുഴയെ ഇല്ലാതാക്കുമെന്നാണ് ആശങ്ക ഉയരുന്നത്. കൈക്കോട്ടുകടവ് ഉടുമ്പുന്തല തീരദേശ റോഡില്‍ കണ്ണങ്കൈ കൊവ്വപുഴക്കു കുറുകെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിന്റെ മധ്യഭാഗത്തെ തൂണാണ് പുഴയെ ഞെരുക്കി ഇല്ലാതാക്കുക. പത്തു മീറ്റര്‍ വീതിയുള്ള കൊവ്വപുഴയില്‍ മൂന്നു ഭീമന്‍ തൂണുകളിലായാണു പാലം നിര്‍മിക്കുന്നത്. ഇതില്‍ രണ്ടു തൂണിന്റെ നിര്‍മാണം പൂര്‍ത്തിയായി.
മൂന്നാമത്തെ തൂണിന്റെ നിര്‍മാണ പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പത്തു മീറ്റര്‍ വീതിയുള്ള പുഴയില്‍ എട്ടുമീറ്റര്‍ വീതിയിലാണു മൂന്നാമത്തെ തൂണിന്റെ നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പത്തുമീറ്ററില്‍ അനായാസം ഒഴുകിയിരുന്ന പുഴ തൂണിന്റെ ഇരുഭാഗങ്ങളിലുമുള്ള ഒരു മീറ്റര്‍ വീതിയില്‍ ഞെങ്ങി ഞെരുങ്ങി ഒഴുകേണ്ടിവരും. ഇതു ഒടുവില്‍ പരിസ്ഥിതി ദുരന്തമായി കലാശിക്കും.
മുന്‍പ് ഇവിടെയുണ്ടായിരുന്ന പാലത്തിന് ഇരുകരകളിലായി പാറക്കല്ല് വച്ചുകെട്ടിയ രണ്ടു തൂണുകളാണുണ്ടായിരുന്നത്. എന്നിട്ടും നാലുപതിറ്റാണ്ട് കാലത്തോളം പാലം നിലനിന്നു. നാലു പതിറ്റാണ്ടിനു ശേഷം പാലം അപകട ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നു നാട്ടുകാരുടെ മുറവിളിയും പ്രാദേശിക ഭരണകൂടത്തിന്റെ അഭ്യര്‍ഥനയും കാരണം ജില്ലയുടെ വികസനത്തിനായി നിയോഗിച്ച പ്രഭാകരന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത്. പാലം നിര്‍മാണത്തിന്റെ തുടക്കം മുതല്‍ തന്നെ വിവാദത്തിലായിരുന്നു. കരാര്‍ നടപടിക്കു വിരുദ്ധമായി സാങ്കേതിക അനുമതിയില്‍ നിന്ന് 50 മെട്രിക് ടെണ്‍ കമ്പിയും 3.6 കോടി രൂപയില്‍ നിന്ന് 2.9 കോടിയായി ചുരുങ്ങിയതുമാണ് വിവാദത്തിനു തുടക്കമിട്ടത്. ഇതോടെ കരാറുകാരന്‍ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെക്കുകയും ചെയ്തു. സാങ്കേതിക പ്രശ്‌നം പരിഹരിച്ചതോടെ മാസങ്ങളായി നിര്‍ത്തി വച്ച നിര്‍മാണ പ്രവൃത്തി കഴിഞ്ഞയാഴ്ചയാണ് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."