ത്രിപുര വീണത് താക്കീത്
കാല്‍ നൂറ്റാണ്ടുകാലത്തെ സി.പി.എമ്മിന്റെ വാഴ്ചയാണു ത്രിപുരയില്‍ തകര്‍ന്നടിഞ്ഞത്. 2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായിരുന്ന ബി.ജെ.പി ഇത്തവണ അധികാരത്തിലെത്തിയിരിക്കുകയാണ്. ഇത് ഒരേസമയം കൗതുകം ജനിപ്പിക്കുന്നതും വോട്ടര്‍മാരുടെ മനസിന്റെ ദുരൂഹത വെളിവാക്കുന്നതുമാണ്.
കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ കുറുക്കന്റെ കൗശലത്തോടെയാണു ബി.ജെ.പി മുതലെടുത്തത്. ത്രിപുരയിലെ ജയം ഭാവിയില്‍ ബംഗാളിലേക്കും വഴിതുറക്കുമെന്നു മനസിലാക്കി എങ്ങനെയും ത്രിപുര സ്വന്തമാക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് വിട്ടു തൃണമൂലില്‍ എത്തിയ എം.എല്‍.എമാരെ ചാക്കിട്ടു സ്വന്തം പാളയത്തിലെത്തിച്ചു വിജയത്തിന്റെ പകുതിവഴി കടന്നു. ഇതു തിരിച്ചറിയാന്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സിനുമായില്ല.
വികസന വഴിയില്‍ വീണു
മറ്റു തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി വികസനമായിരുന്നു ത്രിപുരയില്‍ ബി.ജെ.പി ഉയര്‍ത്തിയ മുദ്രാവാക്യം. കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം തൊഴിലില്ലായ്മ പൊറുതി മുട്ടിച്ച ജനതയെ ഒപ്പം നിര്‍ത്തി. മുമ്പ് കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ സി.പി.എം ഉയര്‍ത്തിയ മുദ്രാവാക്യം എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്നതായിരുന്നു എന്നോര്‍ക്കണം. എന്നാല്‍, വിദ്യാഭ്യാസം ലഭിച്ചവര്‍ക്ക് തൊഴില്‍ നല്‍കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ഇത് ബി.ജെ.പി ഉപയോഗപ്പെടുത്തി.
യെച്ചൂരിയുടെ ലൈന്‍
മുഖ്യശത്രുവായി ബി.ജെ.പിയെ കണ്ടു പുതിയ പോര്‍മുഖം തുറക്കണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ വാദമുഖങ്ങളെ ഖണ്ഡിച്ചതു കേരളത്തിലെ നേതൃത്വവും കാരാട്ടിന്റെ മനോഭാവവുമായിരുന്നു. ത്രിപുര പോലും മുന്നില്‍ക്കണ്ടാണു യെച്ചൂരി ഇത്തരമൊരു നീക്കത്തിനു മുതിര്‍ന്നത്. യെച്ചൂരിയുടെ വാദം തള്ളിയതോടെ പിടിവള്ളിയില്ലാതാകുന്ന, കാണാക്കയത്തിലേക്ക് തള്ളിവിട്ട, പങ്കായമില്ലാത്ത വള്ളമായി സി.പി.എം മാറി. അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിലും പരാജയപ്പെട്ടാല്‍ സി.പി.എമ്മിന് സംഗതി കൈവിട്ടുപോകും. യെച്ചൂരി പറഞ്ഞതുപോലെ സി.പി.എം കേരള എന്നായിരിക്കുന്നു.
മണിക് സര്‍ക്കാര്‍
ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രിയായിരുന്നു പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മണിക് സര്‍ക്കാര്‍. നാലുവട്ടം മുഖ്യമന്ത്രിയായിരുന്നിട്ടും അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 1520 രൂപ പണമായിട്ടു കൈയിലും 2410 രൂപ ബാങ്കിലും. ധന്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയപ്പോള്‍ ഒപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല്‍ ഫോണോ, കാറോ, ഇമെയില്‍ ഐഡിയോ സ്വന്തമായില്ലാത്ത മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ ലഭിച്ചിരുന്ന ശമ്പളമായ 26,315 രൂപ സി.പി.എം ഫണ്ടിലേക്ക് നല്‍കിയ അദ്ദേഹം ജീവിക്കാനായി പാര്‍ട്ടിയില്‍ നിന്ന് 9700 രൂപ സ്വീകരിച്ചിരുന്ന സംഭവവും ഒക്കെ പുറത്തുവന്നതാണ്. എന്നാല്‍ ഇതൊന്നുമല്ല, സര്‍ക്കാരിന്റെ പൊതുവായ തീരുമാനങ്ങളാണ് പാര്‍ട്ടിയെ തകിടം മറിച്ചത്.
ആദിവാസി മേഖല
ത്രിപുരയില്‍ ബി.ജെ.പിക്ക് ജയം നല്‍കിയത് ആദിവാസി മേഖലയാണ്. ഐ.പി.എഫ്.ടിയുമായുണ്ടാക്കിയ സഖ്യമാണ് ബി.ജെ.പിക്ക് ഗുണകരമായത്. പിന്നാക്ക വിഭാഗത്തിന്റെ വോട്ടുകളും പാര്‍ട്ടിക്ക് നേടാനായി. ത്രിപുരയെ വെട്ടിമുറിച്ച് ത്രിപുരി ഗോത്രവിഭാഗക്കാര്‍ക്കായി ട്വിപ്‌രാലാന്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലുണ്ടായിരുന്ന ഐ.പി.എഫ്.ടിയുമായി സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പി നീക്കത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ അപലപിച്ചിരുന്നു. എന്നാല്‍, സഖ്യത്തിനുശേഷം തങ്ങള്‍ തല്‍ക്കാലം ആ നീക്കം ഉപേക്ഷിച്ചെന്ന ഐ.പി.എഫ്.ടിയുടെ വിശദീകരണമെത്തുകയും തെരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി സി.പി.എമ്മിനെ നേരിടാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഹിമാന്ത ബിശ്വ ശര്‍മ
അസം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണ് പ്രാദേശിക വിഷയങ്ങള്‍ അധികാരത്തിലേക്കുള്ള വഴിയാണെന്നു ബി.ജെ.പി മനസിലാക്കിയത്. അതനുസരിച്ചാണ് ത്രിപുരയില്‍ ആദ്യം തൊട്ട് അവര്‍ കരുക്കള്‍ നീക്കിയതും. അസമിലെ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന ഹിമാന്ത ബിശ്വ ശര്‍മയെ കൂടെ കൂട്ടാന്‍ കഴിഞ്ഞിടത്താണ് ബി.ജെ.പി വിജയം തുടങ്ങുന്നത്. അദ്ദേഹത്തെ വടക്കുകിഴക്കന്‍ സംസ്ഥാന വികസന മുന്നണിയുണ്ടാക്കി അതിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച ബി.ജെ.പി ആ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നല്‍കി. ഇതിന്റെ ഗുണഫലമാണ് പാര്‍ട്ടിയുടെ നേട്ടം.
നാഗാലാന്‍ഡ്
ബി.ജെ.പി-എന്‍.ഡി.പി.പി സഖ്യമാണ് നാഗാലാന്‍ഡില്‍ അധികാരത്തിലേറാന്‍ പയറ്റിയത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ ഭരണത്തില്‍ തുടരാനുള്ള മോഹം തല്ലിക്കെടുത്താന്‍ ബി.ജെ.പി, എന്‍.ഡി.പി.പിയുമായി സഖ്യത്തിലേര്‍പ്പെടുകയായിരുന്നു.
പഴയ എന്‍.പി.എഫ് നേതാവായിരുന്ന നെയ്ഫ്യൂ റിയോ രൂപീകരിച്ചതാണ് എന്‍.ഡി.പി.പി. എന്‍.പി.എഫുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്തിയ ബി.ജെ.പിക്ക് സ്ഥാനമൊഴിയുന്ന മന്ത്രിസഭയില്‍ രണ്ടംഗങ്ങളുണ്ടായിരുന്നു. ഒന്നരമാസം മുന്‍പ് എന്‍.പി.എഫില്‍ നിന്നു പുറത്തുവന്ന് ലോക്‌സഭാംഗത്വം രാജിവച്ച് പുതിയ പാര്‍ട്ടി ഉണ്ടാക്കിയ റിയോയുടെ ജനസ്വാധീനമാണ് അദ്ദേഹത്തിനൊപ്പം കൂടാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.
2013ലെ തെരഞ്ഞെടുപ്പില്‍ കേവലം ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് മൂന്ന് എന്‍.സി.പി എം.എല്‍.എമാരെ ഒപ്പം കിട്ടിയപ്പോള്‍ നാലുപേരുടെ ബലമാവുകയും രണ്ടു മന്ത്രിമാരെ ലഭിക്കുകയും ചെയ്തിരുന്നു. സഖ്യം മാറിയാലും അധികാരം നിലനിര്‍ത്തുന്ന തന്ത്രമായിരുന്നു ബി.ജെ.പി. പയറ്റിയത്.
മേഘാലയ കോണ്‍ഗ്രസിന്റെ പിടിവള്ളി
നാഗാലാന്‍ഡില്‍ മൂന്നില്‍ രണ്ടു സീറ്റിലും സ്ഥാനാര്‍ഥികളെപ്പോലും നിര്‍ത്താന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന് ന്യൂനപക്ഷ ക്രൈസ്തവ വോട്ടുകൊണ്ടുമാത്രമാണ് മേഘാലയയില്‍ സ്വാധീനം ഉറപ്പിക്കാന്‍ സാധിച്ചത്. ബാപ്ടിസ്റ്റ് ചര്‍ച്ച് നാഗാലാന്‍ഡിലും മേഘാലയയിലും ബി.ജെ.പിക്കെതിരേ വോട്ടു ചെയ്യാന്‍ ക്രൈസ്തവരോട് ആഹ്വാനം ചെയ്തിരുന്നു. ക്രൈസ്തവരെ വശത്താക്കാന്‍ ബി.ജെ.പി രംഗത്തിറക്കിയ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ പുരോഗതിക്കായി 70 കോടി രൂപ ടൂറിസം പദ്ധതിയില്‍പെടുത്തി നല്‍കിയെങ്കിലും രണ്ടു ദേവാലയങ്ങള്‍ അതവഗണിച്ചതും പാര്‍ട്ടിക്കെതിരേ ക്രൈസ്തവരുടെ അസ്വസ്ഥത വെളിവാക്കുന്നതായി. അതും മേഘാലയ ഫലത്തില്‍ ബി.ജെ.പി പിന്നോട്ട് പോകാന്‍ കാരണമായി.
മുന്‍ സ്പീക്കര്‍ പി.എ.സാഗ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താമെന്നാണ് ബി.ജെ.പി കരുതുന്നത്. സാഗ്മയുടെ മകന്‍ കോണ്‍റാഡ് സാഗ്മയുടെ സ്വാധീനവും പാര്‍ട്ടി ഇതിനായി നേടിയെടുക്കാന്‍ ശ്രമിക്കും.
മേഘാലയയില്‍ തോറ്റാലും തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്ന ബി.ജെ.പിയുടെ രാം മാധവ് പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ പിളര്‍ത്തുമെന്ന ദുസ്സൂചനയാണോ എന്നു സംശയിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്.
നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് കഴിഞ്ഞ എട്ടുവര്‍ഷമായി മുകുള്‍ ശര്‍മയുടെ നേതൃത്വത്തില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസിന് പ്രതിബന്ധമുയര്‍ത്തിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മുകുള്‍ ശര്‍മയും സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം എന്‍.ഡി.എ സഖ്യകക്ഷിയായ എന്‍.പി.പി രണ്ടാം സ്ഥാനത്തുവന്നത് നാമമാത്രമായ സീറ്റുകളുള്ള ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയാണ് മത്സരിച്ചതെങ്കിലും ഭരണത്തിലേറാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാക്കി സ്വതന്ത്രന്‍മാരുടെ പിന്തുണ നേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും വലിയ പാര്‍ട്ടിയെ മലര്‍ത്തിയടിച്ച് സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തിയ ചരിത്രം ബി.ജെ.പിക്കുണ്ട്. ഗോവയിലും അതുതന്നെ കണ്ടിരുന്നു. സംഘടനാ ദൗര്‍ബല്യം വേട്ടയാടുന്ന കോണ്‍ഗ്രസിന് ഇത്തരത്തില്‍ സഖ്യരൂപീകരണം എളുപ്പമല്ലെന്നാണ് കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."