സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി വേതനം ലഭിക്കില്ല
കൊണ്ടോട്ടി: സംസ്ഥാനത്തെ ബഡ്‌സ് സ്‌കൂളുകള്‍ ഒഴികെയുളള സ്‌കൂളുകള്‍ ബസുകളുടെ ഡ്രൈവറുടെ വേതനമടക്കമുളള ആവര്‍ത്തന ചെലവുകള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുക ചെലവഴിക്കാന്‍ പാടില്ലെന്ന് സര്‍ക്കാറിന്റെ നിര്‍ദേശം. എം.പി, എം.എല്‍.എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ ഉപയോഗിച്ച് വാങ്ങുന്ന സ്‌കൂള്‍ ബസ്സുകളുടെ ഡ്രൈവറുടെ ശമ്പളം, ഇന്ധനം, മറ്റ് ചെലവുകള്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ വഹിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികളില്‍ തുക വകയിരുത്തി വേതനമോ ഹോണറേറിയമോ നല്‍കാന്‍ പാടില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ സ്‌കൂള്‍ ബസുകള്‍ക്കടക്കം വകമാറ്റുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ കടിഞ്ഞാണ്‍. പല സ്‌കൂളുകളും കുട്ടികളില്‍ നിന്ന് ബസ് ഫീ വാങ്ങുകയും എന്നാല്‍ ത്രിതല പഞ്ചായത്തുകളെ സ്വാധീനിച്ച് ബസുകള്‍ക്കായി തുക ഈടാക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലില്ലാത്ത സ്‌കൂളുകളുടെ വാഹനങ്ങളുടെ ചിലവ് പുതുതായി തയ്യാറാക്കുന്ന ഒരു ഫണ്ടിലും ചിലവഴിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. എന്നാല്‍ സ്‌കൂളുകളില്‍ നിയോഗിക്കുന്ന താല്‍ക്കാലിക കായികാധ്യാപകര്‍, സ്‌കൂള്‍ ലൈബ്രേറിയന്‍, കൗണ്‍സിലേഴ്‌സ്, ജാഗ്രതാ സമിതി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് വേതനം നല്‍കുന്നതിന് തുക വകയിരുത്താം.
അതിനിടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ കീഴിലുളള ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകളുകളുടെ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് വേതനവും അറ്റകുറ്റപ്പണികള്‍ക്കുളള ചിലവും നല്‍കാവുന്നതാണ്. ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ അധ്യാപകര്‍, ഹെല്‍പ്പര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, തെറാപ്പിസ്റ്റുകള്‍, പാലിയേറ്റീവ് കെയറിന്റെ ഭാഗമായി നിയോഗിക്കപ്പെടുന്ന നേഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമിക്കുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റ്, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, സ്‌കൂള്‍ ലൈബ്രേറിയന്‍, കൗണ്‍സിലേഴ്‌സ്, ജാഗ്രതാ സമിതി ഉദ്യോഗസ്ഥരടക്കമുളളവര്‍ക്ക് വേതനം നല്‍കാന്‍ പദ്ധതികള്‍ തയ്യാറാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."